Kerala

ഓണത്തിന് ഡിടിപിസി ജീവനക്കാർക്ക് സന്തോഷവാർത്ത; ഒരു മാസത്തെ ശമ്പളം വരെ ബോണസ്

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിലെ (ഡിടിപിസി) ജീവനക്കാർക്ക് ആശ്വാസ പ്രഖ്യാപനം. 2026ലെ ഓണം ബോണസ് അനുവദിക്കാൻ ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ കെ.ടി.ഡി.സി. മസ്‌കറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിനും സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിക്കും വിധേയമായി സ്ഥിരം ജീവനക്കാർക്ക് പരമാവധി ഒരു മാസത്തെ ശമ്പളം വരെ ബോണസായി അനുവദിക്കാം. അതേസമയം, ഡിടിപിസികളിലെയും ഡിഎംസികളിലെയും കരാർ, ദിവസവേതന ജീവനക്കാർക്ക് ഇതേ മാനദണ്ഡത്തിൽ പരമാവധി 11,500 രൂപ വരെ ബോണസ് നൽകാനും യോഗം തീരുമാനിച്ചു.

ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതും ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതും സംബന്ധിച്ച നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. ഡിടിപിസി ജീവനക്കാർക്ക് ഏകീകൃത ശമ്പള സ്കെയിൽ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. സേവന-വേതന വ്യവസ്ഥകളുടെ ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.