ദില്ലിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്‍റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.
ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു.
എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.

















