അനുമോളുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിലാകെ നിറഞ്ഞ് നിൽക്കുന്നത്. അത്യാഢംബര പൂർവം നടന്ന വിവാഹത്തിന്റെ റിസപ്ഷൻ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയ തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് അനുമോൾ തിരുവനന്തപുരത്ത് റിസപ്ഷൻ സംഘടിപ്പിച്ചത്. വിവാഹമാണെന്നത് നേരത്തെ റിവീൽ ചെയ്യാത്തതിൽ എന്നെ സ്നേഹിക്കുന്ന ആളുകൾക്ക് ദേഷ്യമുണ്ടാകുമോയെന്ന് ആദ്യം ഞാൻ ചിന്തിച്ചിരുന്നു.
ഞങ്ങളുടെ അടുത്ത് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് അവർ വിചാരിക്കുമെന്ന് കരുതി. പക്ഷെ കമന്റും മെസേജുമെല്ലാം ഞാൻ നോക്കി. ആരും അങ്ങനൊരു വിഷമം പറഞ്ഞിട്ടില്ല. സന്തോഷമായി ഞങ്ങൾ ഒരുപാട് കാത്തിരുന്ന നിമിഷമാണ് അനുമോളുടെ കല്യാണം. എന്തായാലും അവസാനം അനുമോൾ നല്ലൊരാളെ കല്യാണം കഴിച്ചല്ലോ എന്നൊക്കെയുള്ള കമന്റ്സാണ് വന്നത്. അതൊക്കെ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. വിവാഹത്തിന് വിളിക്കാത്ത പരാതിയും ആരും പറഞ്ഞില്ല. അനു കല്യാണം കഴിച്ച് കാണാൻ കഴിഞ്ഞല്ലോ എന്നാണ് പറയുന്നത്. അവരുടെ വീട്ടിലെ കുട്ടിയായിട്ടാണ് എന്നെ ആളുകൾ കാണുന്നത്. അതിൽ ഒരുപാട് സന്തോഷം. റിസപ്ഷൻ കൊച്ചിയിൽ നടത്താൻ ആയിരുന്നു ആദ്യ പ്ലാൻ.
പക്ഷെ പിന്നീട് ഞാൻ ചിന്തിച്ചു ജനിച്ച് വളർന്ന നാട്ടിലല്ലേ നടത്തേണ്ടത് എന്ന് അതുകൊണ്ട് തിരുവനന്തപുരത്ത് തന്നെ റിസപ്ഷൻ വെക്കുകയായിരുന്നു അനുമോൾ പുതിയ വ്ലോഗിൽ പറഞ്ഞു. ഒപ്പം ഭർത്താവ് തനിക്ക് വേണ്ടി ചെയ്ത ചില ത്യാഗങ്ങളെ കുറിച്ച് അനു നിറമിഴികളോടെ സംസാരിക്കുകയും ചെയ്തു. ഭുവനേഷ് തമിഴ്നാട് സ്വദേശിയാണ്. എനിക്ക് തിരുവനന്തപുരം വിട്ട് പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. വിദേശത്ത് പോയാൽ പോലും എനിക്ക് എന്റെ വീടും തിരുവനന്തപുരം ജില്ലയുമാണ് മെയിൻ. ഇവിടെ വരാതെ എനിക്ക് പറ്റില്ല. തിരുവനന്തപുരം വിട്ട് പോകാൻ മനസില്ലാത്തതുകൊണ്ടാണ് കൊച്ചിയിൽ പോയി പോലും സെറ്റിലാകാൻ ശ്രമിക്കാത്തത്. പത്മനാഭന്റെ അനുഗ്രഹം എനിക്ക് എപ്പോഴും ഉള്ളതായി തോന്നിയിട്ടുണ്ട്.
തിരുവനന്തപുരം വിട്ട് വരാനുള്ള മടി ഞാൻ പറയും മുമ്പ് ഭുവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞു വീടും അമ്മയും എല്ലാം ഇവിടെയല്ലേ അതുകൊണ്ട് പുള്ളിയും അമ്മയും ഇവിടേയ്ക്ക് വന്നോളാമെന്ന്. അവർ രണ്ടുപേർ മാത്രമെയുള്ളു. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. സന്തോഷം കൊണ്ടാണ് ഞാൻ കരഞ്ഞത്. ഇതൊക്കെ കേൾക്കുമ്പോൾ ചിലർക്ക് ക്രിഞ്ചായി തോന്നും. കുറച്ച് പേർക്ക് ഞാൻ പറയുന്നത് മനസിലാകും. ഭുവനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. കാരണം പുള്ളി സ്വന്തം നാടും വീടും ബന്ധുക്കളേയുമെല്ലാം വിട്ടാണ് എനിക്ക് വേണ്ടി എന്റെ നാട്ടിലേക്ക് വന്നിരിക്കുന്നത്. അച്ഛനും അമ്മയും എന്റെ അടുത്ത് വേണം, അവരെ എനിക്ക് എപ്പോഴും കാണണമെന്ന ആഗ്രഹം ഞാൻ ഭുവനേഷിനോട് പറഞ്ഞിട്ടുണ്ട്. അവരെ വിട്ട് മാറി നിൽക്കാൻ എനിക്ക് ഇഷ്ടമല്ല.
ഷൂട്ടിന് പോയാൽ ഷൂട്ട് കഴിഞ്ഞ് ഉടൻ തന്നെ ഞാൻ നാട്ടിൽ തിരിച്ചെത്തും. എനിക്ക് എന്റെ വീട്ടിലെ എന്റെ മുറിയിൽ കിടന്നുറങ്ങാതെ സമാധാനം വരില്ല. പിന്നെ ഭുവനേഷിന് വർക്ക് ഫ്രം ഹോം ആയതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കിൽ ഞാനും ഒപ്പം പോകേണ്ടി വന്നേനെ എന്നും അനുമോൾ പറഞ്ഞു. ഭാര്യയുടെ ഹൃദയസ്പർശിയായ വാക്കുകൾ കേട്ട് ചിരിയോടെ ഭുവനും ഇരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടല്ലോ. അതുകൊണ്ട് സ്ഥലം എനിക്കൊരു വിഷയമല്ല. ഫ്രണ്ട്സിനേയും സുഹൃത്തുക്കളേയും വിട്ട് വരുന്നതിൽ വിഷമം ഉണ്ടായിരുന്നു. പക്ഷെ കുഴപ്പമില്ല. ഇഷ്ടപ്പെട്ട ഒരാൾക്ക് വേണ്ടിയല്ലേ എന്ന് മറുപടിയും നൽകി.

















