സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള സമരം വലിയ നാണക്കേടാവുമെന്നാണ് നിഗമനം. സെപ്റ്റംബർ അഞ്ചിനാണ് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സിജെപി മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതോടെയാണ് സിജെപിയുടെ ഡൽഹി പൊലീസ് ആസ്ഥാനത്തേക്കുള്ള മാർച്ച്.
ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാഗങ്ങളും പങ്കെടുക്കും. സെപ്റ്റംബർ 12, 13 തീയതികളിലായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഉപസമ്മേളനങ്ങളൾ ക്രമീകരിച്ചിരിക്കുന്നതും ഇതേ ദിവസങ്ങളിലാണ്. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ-വ്യവസായ-വ്യാപാര മന്ത്രിമാരുടെ യോഗങ്ങളും ഈ ദിവസം നടക്കും. നേരെത്തെ, 2020 ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനിടെ നടന്ന സിഎഎ വിരുദ്ധ സമരങ്ങളും, പൊലീസ് അടിച്ചമർത്തലുകളും ആഗോളതലത്തിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. കേന്ദ്രമന്ത്രിമാർ നേരിട്ട് നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയുള്ള സമരത്തെ എങ്ങനെ നേരിടുമെന്നാണ് സർക്കാർ ആലോചന. തങ്ങളുടെ ക്ഷമയെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി മാറ്റരുതെന്ന് സിജെപി വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രിംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പട്ടിക നൽകിയില്ലെന്നും സിജെപി ആരോപിക്കുന്നുണ്ട്. അതേസമയം, സ്കൂളുകളിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർക്ക് അഭിജിത് ദീപ്കെ കത്തയച്ചതായും സിജെപി അറിയിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സിജെപി, വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും സംഘടനയെ പിന്തുണക്കുന്നവരും മാർച്ചിനായി തയ്യാറായിരിക്കണം എന്നാണ് ആഹ്വാനം. മറ്റൊരു ജന്തർമന്തറിനായി ഒരുങ്ങാനും നിർദേശമുണ്ട്.

















