ഭയം എന്നത് ഭരണകൂടത്തിന്റെ നെറുകയില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കില്‍, ചോദ്യം ചെയ്യപ്പെടുന്ന ജനത നേര്‍ വഴിയിലാണെന്നതാണ് വസ്തുത. രാജ്യത്തിന്റെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും നടക്കുന്നതും അതേ വഴിയിലൂടെയാണെന്ന് തെളിയിക്കുന്നതാണ് സമാനതകളില്ലാത്ത പീഢനങ്ങള്‍. ഇന്‍ഡോറില്‍ നടക്കാന്‍ പോകുന്ന രാഹുല്‍ഗാന്ധി നയിക്കുന്ന ഛാത്രോം കി ഗൂഞ്ച് എന്ന പരിപാടിയെ ഭയന്ന് പോലീസ് കാട്ടിക്കൂട്ടുന്നത് ഇതാണ്. ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ യുവാക്കള്‍ പങ്കെടുക്കുന്നത് തടയാന്‍ ഇന്‍ഡോര്‍ പൊലീസ് രാജീവ് ഗാന്ധി വധക്കേസ് അന്വേഷണ റിപ്പോര്‍ട്ട് ആയുധമാക്കുന്നു.
ഇന്ന് നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയാന്‍ ഇന്‍ഡോറിലെ കോച്ചിങ് സെന്ററുകള്‍ക്കും വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ക്കും മേല്‍ മധ്യപ്രദേശ് പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരെ ”ഭീഷണിപ്പെടുത്തുകയും സത്യവാങ്മൂലങ്ങളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു” എന്ന് കോണ്‍ഗ്രസ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പവന്‍ ഖേര ആരോപിച്ചിരുന്നു.
രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി വധത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് 31 സുരക്ഷാ നിബന്ധനകളാണ് പോലീസ് രാഹുലിന്റെ പരിപാടിക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. ‘വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിപാടിയുടെ സംഘാടകരുടെയും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പങ്കിനെക്കുറിച്ച് വളരെ ആഴത്തിലും വിശദമായും വിശകലനം ചെയ്തിട്ടുണ്ട്’ എന്നും, ‘1991 മേയ് 21-ലെ ശ്രീപെരുമ്പത്തൂര്‍ സംഭവത്തില്‍ സുരക്ഷ തകരാന്‍ പ്രധാന കാരണം സംഘാടകരുടെ ഉത്തരവാദിത്തമില്ലാത്ത സമീപനമായിരുന്നുവെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്’ എന്നും പോലീസിന്റെ സുരക്ഷാ സര്‍ക്കുലറില്‍ പറയുന്നു. രാജീവ് ഗാന്ധി 1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിലാണ് വധിക്കപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്താല്‍ ‘സുരക്ഷയ്ക്കായുള്ള സ്വയം സാക്ഷ്യപത്രം’ ഒപ്പിട്ടു നല്‍കാന്‍ ഇന്‍ഡോറിലെ കോച്ചിംഗ് സെന്ററുകളോടും ഹോസ്റ്റല്‍ ഉടമകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോച്ചിങ് സെന്ററുമായോ ഹോസ്റ്റലുമായോ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുകയും ആരോഗ്യപരമായോ സുരക്ഷാപരമായോ ഉള്ള പ്രശ്‌നങ്ങളോ അപകടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ നേരിടേണ്ടി വരികയോ ചെയ്താല്‍, അതിന്റെ ഉത്തരവാദിത്തം പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും നടത്തിപ്പുകാര്‍ക്കുമായിരിക്കുമെന്ന് ഈ സത്യവാങ്മൂലത്തില്‍ അംഗീകരിക്കേണ്ടതുണ്ട്. റീജിയണല്‍ പാര്‍ക്കിന് എതിര്‍വശത്തുള്ള ഐഡിഎ ഗ്രൗണ്ടില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന പരിപാടിക്കുള്ള അനുമതിക്കൊപ്പം സംഘാടകര്‍ക്കും പൊലീസ് നിബന്ധനകള്‍ കൈമാറി.
സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം, പങ്കെടുക്കുന്നവര്‍ വരുന്ന ജില്ലകള്‍, താലൂക്കുകള്‍, കോളേജുകള്‍, ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നവരുടെ എണ്ണം എന്നിവയുള്‍പ്പെടെ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രേഷന്‍ നമ്പറുകള്‍, ഡ്രൈവര്‍മാരുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, അവര്‍ നിര്‍ദ്ദേശിക്കുന്ന വഴികള്‍, എത്തുന്ന സമയം, പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളുടെ വിവരങ്ങളും നല്‍കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പരിപാടിക്കുള്ള സുരക്ഷാ നിബന്ധനാ രേഖയില്‍ രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ച് പൊലീസ് പരാമര്‍ശിക്കുന്നത് ഇതാദ്യമാണെന്നും ഇത് ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങളാണ് വെളിപ്പെടുത്തുന്നതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരി ആരോപിച്ചു.
‘ആദ്യം സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പരിപാടിക്ക് അനുമതി നല്‍കുമ്പോള്‍ പിതാവിന്റെ വധത്തെക്കുറിച്ചാണ് ഉദ്ധരിക്കുന്നത്,’ പട്വാരി പറഞ്ഞു. ഛാത്രോം കി ഗൂഞ്ച് സെപ്തംബര്‍ 12-ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനാണ് കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പരിപാടി സെപ്റ്റംബര്‍ 19ലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഡിയം ഉപയോഗിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിലവിലുള്ള നിര്‍ദ്ദേശങ്ങളാണ് പ്രാദേശിക ഭരണകൂടം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് സര്‍ക്കാര്‍ തടയുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.















