കര്‍ണാടകയിലെ മാണ്ഡ്യ, ശ്രീരങ്കപട്ടണയിലെ ആരതി ഉഘണ്ഡ ക്ഷേത്രത്തില്‍ അടുത്തിടെ ഉണ്ടായ സംഭവം ഇപ്പോഴാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. അതും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഒരു സ്ത്രീ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാര്യമെന്താണെന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. സംഭവം കര്‍ണാടകയില്‍ ക്ഷേത്രത്തിലെ വി.ഐ.പി ദര്‍ശനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ചതാണ്. ബി.ജെ.പി എം.എല്‍.എയുടെ മകളാണ് ഈ കൃത്യത്തിന് മുതിര്‍ന്നത്. എം.എല്‍.എയുടെ മകള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. തുമാകുരു ബി.ജെ.പി എം.എല്‍.എ സുരേഷ് ഗൗഡയുടെ മകള്‍ ഐശ്വര്യയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വി.ഐ.പി ദര്‍ശനം കിട്ടാന്‍ ക്ഷേത്രത്തില്‍ വഴക്കുണ്ടാക്കി പൊലീസിനെ അടിച്ച് തിരിച്ചടി വാങ്ങുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഐശ്വര്യ ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുമായി തര്‍ക്കിച്ചു സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഐശ്വര്യ ചോദിക്കുന്നതിന് ഉദ്യോഗസ്ഥ മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഐശ്വര്യ വി.ഐ.പി പ്രവേശനം ചോദിക്കുകയും ഉദ്യോഗസ്ഥ അത് നിഷേധിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പിന്നാലെ ഐശ്വര്യ ഫോണെടുത്ത് വിളിക്കുന്നതും കാണാം. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പിന്നീട് ഐശ്വര്യ ക്ഷുഭിതയായി ഉദ്യോഗസ്ഥയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥയും ഐശ്വര്യയുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഇത് തര്‍ക്കമാവുകയും ഉടന്‍ മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും ചെയ്തു. രണ്ടാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഐശ്വര്യയ്‌ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. അതേസമയം, ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പൊലീസിനെതിരെ ഐശ്വര്യയും കേസ് കൊടുത്തിട്ടുണ്ട്. എന്തായാലും ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ ദൈവത്തിനു നിരക്കാത്തതാണ് ചെയ്തതെന്ന ആക്ഷേപം സോഷ്ല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കു താഴെ കമന്റുകളായി വരുന്നുണ്ട്.

















