അഭിനയ മികവ് കൊണ്ട് എപ്പോഴും കയ്യടി നേടുന്നവരാണ് ഉര്‍വശിയും പാര്‍വതി തിരുവോത്തും. ഇരുവരും പ്രധാന വേഷങ്ങള്‍ ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമ ഏറെ പ്രശംസ നേടി. ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പാര്‍വതി തിരുവോത്ത് സിനിമാ രംഗത്ത് നേരിടുന്ന മുന്‍വിധികളെക്കുറിച്ചും താന്‍ പാര്‍വതിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ഉര്‍വശി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
നല്ല ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരു ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവരുടെ ചരിത്രവും പുരാണവും ഞാന്‍ പഠിക്കേണ്ട കാര്യമില്ല. അതിനി ആരായാലും. എന്നെ സംബന്ധിച്ച് ഒരു ക്യാരക്ടര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ പറ്റുന്ന അഭിനേത്രിയാണവര്‍. അവര്‍ കറക്ടായി അവരുടെ കാര്യങ്ങള്‍ ചെയ്യുന്നു. എനിക്ക് അവരും കൂടെ പ്രചോദനമാകുകയാണ്. ഓരോ ഷോട്ടും വലിയ കാര്യമായി അവര്‍ അഭിനയിക്കുന്നു. അതിനപ്പുറം മറ്റുള്ളവര്‍ക്ക് അവരെ ഇഷ്ടമല്ലാത്ത കാര്യം എനിക്കറിയേണ്ട ആവശ്യമില്ല.
എനിക്കവരെ ഇഷ്ടപ്പെട്ടു. വര്‍ക്കില്‍ ഉദാസീനത കാണിക്കുകയോ സ്‌പോട്ടില്‍ നമ്മളോട് മോശമായി പെരുമാറുന്നോ ഇല്ലെങ്കില്‍ ഒരാളെ വെറുക്കേണ്ട കാര്യമില്ല. പാര്‍വതിയും ഫീല്‍ ചെയ്യുന്നുണ്ട്. കാരണം എല്ലാവരുടെയും സമീപനത്തില്‍ ഒരു വ്യത്യാസം. ആരും നല്ല രീതിയില്‍ പെരുമാറുന്നില്ല. പല സിനിമകളില്‍ നിന്നും അപ്രോച്ച് വരുന്നില്ല. ഒരു നല്ല അപ്രോച്ച് പോലും സിനിമയില്‍ നിന്നുണ്ടാകുന്നില്ല. അതിന് മാത്രം എന്ത് കുറ്റമാണ് ചെയ്തതെന്ന രീതിയില്‍ അവള്‍ ചോദിക്കുന്നുണ്ട്. എന്താണങ്ങനെയെന്ന് ഞാനും അത്ഭുതപ്പെടുകയാണ്.
ചെയ്ത ക്യാരക്ടേര്‍സ് എല്ലാം നല്ല രീതിയില്‍ ചെയ്യാനേ നോക്കിയിട്ടുള്ളൂ. അല്ലാതെ സിനിമയോട് എന്ത് അപരാധമാണ് പാര്‍വതി ചെയ്തത്. വ്യക്തിപരമായി എന്തെങ്കിലും പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമുണ്ടായാല്‍ പോരെ ദേഷ്യം. മുഴുവന്‍ സിനിമയ്ക്കും പാര്‍വതിയോട് ദേഷ്യപ്പെടാന്‍ ന്യായമൊന്നുമില്ല. തുറന്ന് പറയുന്നതില്‍ തനിക്ക് ഭയമില്ലെന്നും ഉര്‍വശി പറയുന്നു. തീയെന്ന് പറഞ്ഞാല്‍ വാ പൊള്ളുമെന്ന് കരുതി ജീവിക്കാന്‍ പറ്റില്ലെന്നും ഉര്‍വശി വ്യക്തമാക്കി.

















