വര്‍ഷങ്ങളായി തെരുവില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയുടെ മരണത്തിന് പിന്നാലെ വാടക വീട്ടില്‍ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ പണച്ചാക്ക്. കര്‍ണാടക മാണ്ഡ്യയിലെ ഗുത്തലു പ്രദേശത്താണ് സംഭവം. ഹൂര്‍ ഉന്നിസ എന്ന വയോധികയുടെ വീട് പരിശോധിച്ചപ്പോഴാണ് 30ലധികം ചാക്കുകളിലായി സൂക്ഷിച്ച 30 ലക്ഷത്തിലധികം രൂപ കണ്ടെത്തിയത്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഹൂര്‍ ഉന്നിസ മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും മാണ്ഡ്യയിലെ ഗുത്താലു മേഖലയിലുള്ള വയോധിക താമസിച്ചിരുന്ന വാടക വീട് നാട്ടുകാര്‍ ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ചാക്കുകളില്‍ കെട്ടിവെച്ച നിലയില്‍ പണം കണ്ടെത്തിയത്. പണം കണ്ടതോടെ നാട്ടുകാര്‍ ഞെട്ടിത്തരിക്കുകയായിരുന്നു. ഭിക്ഷാടനത്തിലൂടെ ഇത്രയും തുക എങ്ങനെ സമ്പാദിച്ചെന്നാണ് നാട്ടുകാരുടെ സംശയം. രണ്ട് വര്‍ഷം മുമ്പ് സഹോദരി മരിച്ചതിനു ശേഷം ഇവര്‍ ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്.
പത്തു ചാക്കുകള്‍ മാത്രമാണ് ഇതിനോടകം എണ്ണിക്കഴിഞ്ഞത്. ഇതില്‍ 9 ലക്ഷം രൂപ കിട്ടി. ഇരുപതോളം ചാക്കുകള്‍ ഇനിയും എണ്ണിത്തീരാനുണ്ട്. ഇതും കൂടി എണ്ണുന്നതോടെ 30 ലക്ഷം രൂപയിലധികം വരുമെന്നാണ് പ്രാഥമിക നിഗമനം. പണം കണ്ടെത്തിയതോടെ തെരുവുകളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഒരു വയോധികയ്ക്ക് എങ്ങനെ ഇത്രയും പണം സൂക്ഷിച്ചെന്ന അത്ഭുതത്തിലാണ് നാട്ടുകാര്‍. പണം നിലവില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഗുത്താലുവിലെ പ്രാദേശിക മസ്ജിദിന് കൈമാറിയിട്ടുണ്ട്. വയോധികയുടെ ബന്ധുക്കള്‍ എത്തിയ ശേഷം ബാക്കി ചാക്കിലെ തുക എണ്ണിത്തിട്ടപ്പെടുത്തും. പണത്തിന്റെ നിയമപരമായ അവകാശി ആരാണെന്നതിലും തുക പൂര്‍ണമായി കണക്കാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

















