ആപ്പിളിന്റെ അടുത്ത മോഡലുകളുടെ ലോഞ്ച് ഇവന്റ് സെപ്തംബര്‍ 9ന് നടക്കും. ”സര്‍പ്രൈസ് ആന്‍ഡ് ഷൈന്‍” എന്ന ടാഗ്ലൈനോടെ എത്തുന്ന ഈ ചടങ്ങില്‍ പുതിയ ഐഫോണ്‍ മോഡലുകളും സ്മാര്‍ട്ട് വാച്ചും എയര്‍പോഡും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബര്‍ 9ന് രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 10:30) കുപ്പര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ഇവന്റ് ആരംഭിക്കും. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍, ആപ്പിള്‍ ടിവി ആപ്പ്, കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി തത്സമയം ചടങ്ങ് വീക്ഷിക്കാം.
കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ ‘ഐഫോണ്‍ അള്‍ട്ര’ ഇതില്‍ അവതരിപ്പിച്ചേക്കും. സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡിന് സമാനമായ പാസ്പോര്‍ട്ട് ഡിസൈനിലാകും എത്തുക.മറ്റു ഫീച്ചറുകളൊന്നും പുറത്തുവന്നിട്ടില്ല. ആദ്യമായാണ് ആപ്പിള്‍, ഫോള്‍ഡബിള്‍ ഐഫോണിലേക്ക് പ്രവേശിക്കുന്നത്. ഐഫോണ്‍ 18 പ്രോ സീരീസും ചടങ്ങില്‍ അവതരിപ്പിക്കും. ഏറ്റവും പുതിയ A20 പ്രോ ചിപ്സെറ്റായിരിക്കും ഫോണുകള്‍ക്ക് കരുത്തേകുക. പ്രോ മാക്‌സ് മോഡലില്‍ മെക്കാനിക്കല്‍ അപര്‍ച്ചര്‍ ക്യാമറ ഫീച്ചര്‍ ഉണ്ടായേക്കാമെന്ന് ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ട്. പുതിയ സ്‌കൈ ബ്ലൂ കളര്‍ ഓപ്ഷനിലും ഇവ ലഭ്യമായേക്കും. അതേസമയം 18ന്റെ ബേസ് ബോഡല്‍ അടുത്ത വര്‍ഷം ആദ്യത്തിലാകും എത്തുക. ഇങ്ങനെ സംഭവിച്ചാല്‍ ആപ്പിളിന്റെ മറ്റൊരു നിര്‍ണായക നീക്കമാണിത്.
പുതിയ പ്രോസസറും ഹെല്‍ത്ത് ട്രാക്കിങ് ഫീച്ചറുകളുമായി ആപ്പിള്‍ വാച്ച് സീരീസ് 12ഉം, പുതിയ എയര്‍പോഡ്‌സ് 5ഉം ഇവന്റില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത്തവണത്തെ ലോഞ്ച് ഇവന്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിര്‍ണായക മാറ്റം സംഭവിക്കുന്ന സമയത്താണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. നിലവിലെ സിഇഒ ടിം കുക്ക് ഈ വര്‍ഷം അവസാനം സ്ഥാനമൊഴിയുമെന്ന് ആപ്പിള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍നസാണ് പുതിയ സിഇഒയായി ചുമതലയേല്‍ക്കുന്നത്.

















