കൊച്ചി: യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ മലയാളം പതിപ്പിൽ യഷിന് വേണ്ടി താൻ ഡബ്ബ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി മിമിക്രി താരവും ഡബ്ബിങ് കലാകാരനുമായ മഹേഷ് കുഞ്ഞുമോൻ. ചിത്രത്തിനായി താൻ പ്രവർത്തിച്ചിട്ടേയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം വ്യക്തമാക്കി.
‘ടോക്സിക്’ മലയാളം പതിപ്പിൽ യഷിന് ശബ്ദം നൽകിയിരിക്കുന്നത് മഹേഷ് കുഞ്ഞുമോനാണെന്ന തരത്തിൽ ഒരു യൂട്യൂബ് റിവ്യൂവറുടെ പരാമർശം പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഇതിൽ യാതൊരു സത്യവുമില്ലെന്നും ചിത്രത്തിനുവേണ്ടി താൻ പ്രവർത്തിച്ചിട്ടില്ലെന്നും മഹേഷ് വ്യക്തമാക്കി. അനാവശ്യമായ തെറ്റിദ്ധാരണകളും അതിനെ തുടർന്നുണ്ടാകാവുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘ടോക്സിക്’ മലയാളം പതിപ്പിൽ യഷിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ റോഷൻ മാത്യുവാണെന്നാണ് റിപ്പോർട്ടുകൾ. റോഷന്റെ ഡബ്ബിങ്ങിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരിക്കെയാണ് മഹേഷ് കുഞ്ഞുമോന്റെ പേരും പ്രചരിച്ചത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ യഷാണ് നായകൻ. ഗീതു മോഹൻദാസും യഷും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ യഷിന്റെ മലയാളം ശബ്ദത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പത്തിനാണ് മഹേഷ് കുഞ്ഞുമോന്റെ വിശദീകരണത്തോടെ വിരാമമായിരിക്കുന്നത്.

















