പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ബന്ധുക്കൾ. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരൻ സുരേന്ദ്ര മേനോൻ പറഞ്ഞു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും പറയുന്നു. വളരെക്കാലം മുൻപാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിത്രം എങ്ങനെ പ്രചരിച്ചു എന്നതിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സുകുമാര കുറുപ്പിന്റെ ചിത്രമെന്ന പേരിൽ മുൻപും ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നതായി പൊലീസ് പറയുന്നു. പുണെയിലായിരുന്നു ദാമോദര മേനോന്റെ വിദ്യാഭ്യാസം. എൻജിനീയറിങ് പാസായശേഷം ലണ്ടനിലേക്ക് പോയി. തിരിച്ചു വന്നശേഷം മലേഷ്യയിലേക്ക് പോയി. വിദേശത്തു പോകാനുള്ള സർട്ടിഫിക്കറ്റ് ശരിയാക്കിയത് താനാണെന്ന് സഹോദരൻ പറഞ്ഞു. പാലക്കാടുനിന്നാണ് വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. ഏറെക്കാലമായി നാട്ടിലെത്തിയിട്ട്. ഇടയ്ക്ക് ദാമോദര മേനോന്‍ വീണ് പരുക്കേറ്റ് കിടപ്പിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
ഒളിവു ജീവിതത്തിനിടെ മരിച്ചെന്ന നിഗമനത്തിൽ കേരള പൊലീസും വിദേശത്ത് ജീവനോടെയുണ്ടെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്തു വന്നതോടെയാണ് ഇടവേളയ്ക്കുശേഷം സുകുമാരക്കുറുപ്പ് വാർത്തകളിൽ നിറഞ്ഞത്. കടുത്ത ഹൃദ്രോഗബാധിതനായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയുംകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് പുതുതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. 42 വർഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മുൻപ് അംഗമായിരുന്ന പൊലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്‌യിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്‌ബർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശത്തുള്ള ഭാര്യയുമായും മറ്റു ബന്ധുക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അലി അക്‌ബർ അവകാശപ്പെട്ടിരുന്നു.

















