പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധമുള്ളവരെ ഡല്‍ഹി പൊലീസ് പിടികൂടി. ഡൽഹി സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ പാക്ക് പൗരൻമാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മുഹമ്മദ് സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ച് ദുബായ് വഴി പാക്കിസ്ഥാനിലേക്ക് അയച്ചുകൊടുത്തിരുന്നതായി പൊലീസ് പറയുന്നു. പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലിരുന്ന് ഈ കാർഡുകൾ ഉപയോഗിച്ച് വാട്സാപ് ഉപയോഗിച്ചു. ഈ നമ്പരിലൂടെ ഇന്ത്യൻ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതിനായി ഇന്ത്യയിലെ വാട്സാപ് ഗ്രൂപ്പുകളിൽ അംഗങ്ങളായതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിൽ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതലയും ഈ ദമ്പതികൾക്ക് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പട്ടാള ക്യാംപുകൾ നിരീക്ഷിക്കുന്ന ചുമതലയും ഇവർക്കുണ്ടായിരുന്നു. ഐഎസ്ഐ പിന്തുണയോടെ ആയിരുന്നു പ്രവർത്തനം. സാഹിലിന്റെ ഭാര്യ സമീറ വഴിയാണ് ഇൻസ്റ്റഗ്രാമിൽ പാക്കിസ്ഥാൻ ഏജന്റുമായി ബന്ധപ്പെട്ടിരുന്നത്. ഈ ഏജന്റ് ഇരുവരെയും ഒരു പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിയതായി പൊലീസ് പറയുന്നു. പണം വാഗ്ദാനം ചെയ്ത് ആ ഉദ്യോഗസ്ഥൻ ദമ്പതികളെ സ്വാധീനിച്ചു. ഡൽഹിയിലെ ചാര പ്രവർത്തനത്തിനായി കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
പാക്കിസ്ഥാനിലേക്ക് എട്ട് ഇന്ത്യൻ സിം കാർഡുകൾ അയച്ചതിന് ദമ്പതികൾക്ക് 30,000 രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയ സാഹിൽ ഒരു അഭിഭാഷകന്റെ കൂടെ ജോലി ചെയ്യുകയായിരുന്നു. 2022 ജൂണിൽ ഇയാൾ ജോലി ഉപേക്ഷിച്ചു. സമീറ ഒരു കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നത്.