അമേരിക്ക ഉന്നയിച്ച പല ആവശ്യങ്ങൾക്കും വഴങ്ങിയിട്ടും പുതിയ തീരുവ ഭീഷണികളും ഉപരോധ നടപടികളും തുടരുന്നതിൽ യു.എസുമായുള്ള വ്യാപാരക്കരാർ നീളുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ തുടങ്ങിയ വ്യാപാരചർച്ചകൾ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും സംഘവും ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട പുതിയ ഉപരോധ ബില്ലുമായി യു.എസ് രംഗത്തെത്തിയിരിക്കുന്നത്.
യു.എസിന്റെ കടുത്ത നിലപാടുകൾ:
റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയ 25% അധികത്തീരുവ.
നിർബന്ധിത തൊഴിലിന്റെ പേരിലുള്ള 10% തീരുവ.
യു.എസ് സുപ്രീം കോടതി പകരംതീരുവ ഒഴിവാക്കിയപ്പോൾ ചുമത്തിയ 10% തീരുവ.
ഇന്ത്യ അടക്കം 54 രാജ്യങ്ങൾക്കെതിരെ 12.5% അധികത്തീരുവ ചുമത്തുമെന്ന ഭീഷണി.
ഇന്ത്യ സ്വീകരിച്ച അനുനയ നീക്കങ്ങൾ:
അമേരിക്കൻ ബർബൻ വിസ്കിയുടെ ഇറക്കുമതി സെസ് കുറച്ചു.
യു.എസ് ഡിജിറ്റൽ കമ്പനികൾക്കുള്ള ഡിജിറ്റൽ നികുതി ഒഴിവാക്കി.
നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു.
റഷ്യൻ എണ്ണയും ഊർജ്ജനയവും: ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയാണ്, ഇതിന്റെ പകുതിയും റഷ്യയിൽ നിന്നാണ് എത്തുന്നത്. മറ്റ് മുൻനിര രാജ്യങ്ങളുമായി വ്യാപാരക്കരാർ ഒപ്പിട്ട ശേഷവും പുതിയ തീരുവകൾ ചുമത്തിയ യു.എസ് ചരിത്രം മുന്നിലുള്ളതിനാൽ, രാജ്യത്തിന്റെ ഊർജ്ജനയത്തെ ഇത്തരം ഭീഷണികൾക്ക് മുന്നിൽ പണയം വെക്കരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.















