ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.
പുത്തരി പായസം ടിക്കറ്റ് 29-08-2026 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ തെക്കേനട ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും. 250ml പായസത്തിനു 60 രൂപയാണ് നിരക്ക്.ഒരാള്‍ക്ക് 120 രൂപയുടെ പായസം ശീട്ട് ആക്കാം. ഡബ്ബയ്ക്ക് 20രൂപ കൂടി നല്‍കണം.ഉച്ചപൂജക്ക് ശേഷം പ്രസാദം ലഭിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 30 ന് 356 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കും.

















