സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി വിശദീകരണവുമായി മുതിർന്ന നേതാവ് പിണറായി വിജയൻ. സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച പിണറായി വിജയൻ, പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നും ന്യായീകരിച്ചു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
പാർട്ടി വിട്ടുപോയവർക്കും വിമതർക്കുമെതിരെ പിണറായി രൂക്ഷവിമർശനം ഉന്നയിച്ചു. സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂർ. ടി.ഐ. മധുസൂദനന്റെ വ്യക്തിപരമായ തോൽവിയായി കാണുന്നില്ല. വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. പാർട്ടി നേതൃതലത്തിലുള്ളയാൾ (കുഞ്ഞിക്കൃഷ്ണൻ) പാർട്ടിക്കെതിരെ രംഗത്ത് വന്നു. ഇത് തിരിച്ചടിയായി. നേതൃസ്ഥാനത്തുണ്ടായിരുന്നവർ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടപ്പോൾ ജനങ്ങളിൽ ചില സംശയങ്ങളുണ്ടായി. പാർട്ടിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാൽ തെറ്റ് കണ്ടാൽ കൃത്യമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും, പയ്യന്നൂരിലെ ആരോപണങ്ങളിൽ പാർട്ടി കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ പാർട്ടി ശത്രുക്കൾക്ക് വിലക്കെടുക്കാൻ കഴിയുന്നവരായി അധഃപതിച്ചെന്നും, എതിരാളികൾ നേടിയത് താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”സിപിഎമ്മിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട ചിലർ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അവർ പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല, മറിച്ച് താൽക്കാലിക വികാരത്തിന് കീഴ്പ്പെട്ടതാണ്”. അത്തരം ആളുകൾ പറ്റിപ്പോയ തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയുടെ സംരക്ഷകരായി തിരിച്ചെത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയ കുഞ്ഞിക്കൃഷ്ണനെപ്പോലുള്ള ആർക്കും പിന്നീട് ഈ പ്രസ്ഥാനത്തിന് ഒരു പോറലുമേൽപ്പിക്കാൻ കഴിഞ്ഞ ചരിത്രമില്ലെന്നും, വളർന്നു പന്തലിച്ച ഈ പാർട്ടിയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ലെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.

















