യുഎഇ ലക്ഷ്യമാക്കിയെത്തിയ ഇറാന്‍ ഡ്രോണ്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎഇ സായുധ സേന അതീവ ജാഗ്രതയിലാണ് തുടരുന്നത്. രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് തരം ഭീഷണികളെയും നേരിടാന്‍ സേന സജ്ജമാണെന്ന് മന്ത്രാലയം അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യോമാതിര്‍ത്തി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ജനങ്ങള്‍ ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും തെറ്റായ പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും പ്രതിരോധ മന്ത്രാലയം അഭ്യര്‍ഥിച്ചു. അതിനിടയില്‍ മിന്‍ഹാദ് എയര്‍ബേസ് ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത യുഎഇ നിഷേധിച്ചു.
ലാറക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെ യു.എസ് സേന ആക്രമണം നടത്തുകയും, ഇതിന് മറുപടിയായി ജോര്‍ദാനിലെ രണ്ട് യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കുകയും ചെയ്തതോടെയാണ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായത്.

















