Sports

അർദ്ധസെഞ്ചുറി മികവിൽ ഗോവിന്ദ് ദേവും അഭിഷേകും; റോയൽസിന് 194 റൺസ്

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനായി ബാറ്റുകൊണ്ട് വിസ്മയം തീർത്ത് ഗോവിന്ദ് ദേവ് പൈയും അഭിഷേക് പി. നായരും. ഇരുവരുടെയും തകർപ്പൻ അർദ്ധസെഞ്ചുറികളുടെ കരുത്തിൽ തങ്ങളുടെ എട്ടാം മത്സരത്തിനിറങ്ങിയ റോയൽസ് പടുത്തുയർത്തിയത് 194 റൺസെന്ന മികച്ച സ്കോർ. പുറത്താകാതെ 82 റൺസ് അടിച്ചുകൂട്ടിയ ഗോവിന്ദാണ് റോയൽസിന്റെ ടോപ് സ്കോറർ. ഓപ്പണർ അഭിഷേക് 57 റൺസെടുത്തു. ഈ സീസണിലെ ​ഗോവിന്ദിന്റെ രണ്ടാം ഫിഫ്റ്റിയും അഭിഷേകിന്റെ ആദ്യ അർദ്ധ ശതകവുമാണ്.

​നായകൻ കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ട് പരുങ്ങലിലായ റോയൽസിനെ, രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗോവിന്ദും അഭിഷേകും ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ അഞ്ചോവറിൽ 24/1 എന്ന നിലയിലായിരുന്ന സ്കോർബോർഡിന് ജീവൻ വെച്ചത് ഈ കൂട്ടുകെട്ടിലൂടെയാണ്. പത്താം ഓവറിൽ സ്കോർ 80-ൽ എത്തിച്ച ഇരുവരും ചേർന്ന്, 52 പന്തിൽ നിന്ന് 85 റൺസാണ് റോയൽസ് സ്കോർബോർഡിലേക്ക് ചേർത്തത്.

​രണ്ടാം ഓവറിൽ വിനിലിനെതിരെ ബൗണ്ടറി നേടി തുടങ്ങിയ ഓപ്പണർ അഭിഷേക് പിന്നീട് അഭിജിത്ത് പ്രവീണിനെയും അജിത്തിനെയും സിക്സർ പറത്തി സ്കോറിങ്ങിന് വേഗം കൂട്ടി. 33 പന്തിൽ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി കുറിച്ച താരം, 38 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 57 റൺസെടുത്താണ് മടങ്ങിയത്.

​മറുവശത്ത് കരുതലോടെ ബാറ്റുവീശിയ ഗോവിന്ദ്, അഭിഷേക് പുറത്തായ ശേഷം സ്കോറിങ്ങിന്റെ ഉത്തരവാദിത്വം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. ഗോവിന്ദ് 50 പന്തിൽ നിന്ന് അഞ്ച് കൂറ്റൻ സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെയാണ് 82 റൺസ് അടിച്ചെടുത്തത്. അവസാന ഓവറിൽ മാത്രം ഒരു സിക്സും രണ്ട് ഫോറുമടക്കം 14 റൺസ് താരം സ്വന്തമാക്കി.

​ആറാമനായി ക്രീസിലെത്തിയ സിജോമോൻ നൽകിയ മികച്ച പിന്തുണ ഗോവിന്ദിന്റെ ഇന്നിംഗ്സിന് കൂടുതൽ കരുത്തായി. വെറും 13 പന്തിൽ നിന്ന് നാല് സിക്സറുകൾ പറത്തി 31 റൺസ് നേടിയ സിജോമോനും ഗോവിന്ദും ചേർന്ന് ഡെത്ത് ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് റോയൽസ് സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 194-ലേക്ക് കുതിച്ചത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 25 പന്തിൽ 63 റൺസാണ് പിറന്നത്. ട്രിവാൻഡ്രത്തിന് വേണ്ടി വിഷ്ണു വിനോദ് 10 പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 18 റൺസും നേടി. ആലപ്പിക്ക് വേണ്ടി പന്തെറിഞ്ഞ സിബിൻ ​ഗിരീഷ് മൂന്ന് വിക്കറ്റും വീഴ്ത്തി. ഫിഫ്റ്റി നേടിയ അഭിഷേക്, വിഷ്ണു വിനോദ്, അക്ഷയ് മനോഹർ എന്നിവരുടെ വിക്കറ്റാണ് സിബിൻ പിഴുതത്.