News

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ തൽക്കാലത്തേക്ക് നീളുമെന്ന് സൂചന. പാർട്ടിയുടെ സംഘടനാപരമായ പുനഃസംഘടനയും അധ്യക്ഷ പദവിയിലേക്കുള്ള പുതിയ നിയമനങ്ങളും ഉടൻ ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ നിലപാട്. തിരക്കുപിടിച്ച ഒരു പുനഃസംഘടനയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും നിലവിലെ സാഹചര്യത്തിൽ അത്തരത്തിലുള്ള നീക്കങ്ങൾ വേണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശനമായ തീരുമാനം.

അധ്യക്ഷ പദവിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും, ഹൈക്കമാൻഡ് അത് അംഗീകരിച്ചില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങളും മുൻനിർത്തി തൽക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തേണ്ടതില്ലെന്നും, നിലവിലെ അധ്യക്ഷൻ തന്നെ ആ പദവിയിൽ തുടരട്ടെയെന്നുമാണ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം.