സോഷ്യൽ മീഡിയയിലൂടെ അതിശയോക്തി കലർന്ന വാഗ്ദാനങ്ങൾ നൽകി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബൈ ഹെൽത്ത് അതോറിറ്റി (DHA). ‘നമ്പർ വൺ’, ‘ഏറ്റവും മികച്ചത്’, ‘സൈഡ് എഫക്‌റ്റുകളില്ല’, ‘100% ഉറപ്പ്’, ‘ഉടൻ ഫലം’ തുടങ്ങിയ അതിശയോക്തി കലർന്ന വാക്കുകളും വാഗ്ദാനങ്ങളും ഇനി പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഡി.എച്ച്.എ വ്യക്തമാക്കി.
വ്യാജ വാഗ്ദാനങ്ങൾ നൽകി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയുന്നതിനാണ് ഈ നീക്കം. ഡി.എച്ച്.എയുടെ ലൈസൻസുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും സോഷ്യൽ മീഡിയ പ്രൊമോഷനുകൾ നടത്തുന്നവർക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമാണ്. ‘മാജിക്’, ‘അത്ഭുത ചികിത്സ’, ‘പാർശ്വഫലങ്ങളില്ലാത്തത്’, ‘ഏക ചികിത്സാ കേന്ദ്രം’, ‘താരതമ്യമില്ലാത്തത്’ തുടങ്ങിയ വാക്കുകളും ഉപയോഗിക്കാൻ പാടില്ല.
കൂടാതെ, തങ്ങളാണ് മറ്റുള്ളവരെക്കാൾ മികച്ചതെന്നോ, തങ്ങളുടെ ചികിത്സയാണ് കൂടുതൽ സുരക്ഷിതമെന്നോ പരസ്യങ്ങളിൽ അവകാശപ്പെടാൻ പാടില്ലെന്നും നിബന്ധനയുണ്ട്. സർജറികളും മറ്റ് ചികിത്സകളും പരസ്യപ്പെടുത്തുമ്പോൾ അതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകളും പാർശ്വഫലങ്ങളും വ്യക്തമായി കാണിക്കണം.
നൽകുന്ന വിവരങ്ങൾ കൃത്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായിരിക്കണം. രോഗികളിൽ ഭയമുണ്ടാക്കിയോ തെറ്റായ പ്രതീക്ഷകൾ നൽകിയോ ചികിത്സയ്ക്കായി പ്രേരിപ്പിക്കരുത്. എന്നാൽ, സ്ഥാപനത്തിന്റെ പ്രവൃത്തിസമയങ്ങൾ, ബന്ധപ്പെടേണ്ട വിവരങ്ങൾ, അംഗീകൃത യോഗ്യതകൾ, സുരക്ഷാ അംഗീകാരങ്ങൾ തുടങ്ങിയ യഥാർത്ഥ വിവരങ്ങൾ നൽകുന്നതിന് തടസ്സമുണ്ടാകില്ല.

















