റോളർ സ്കേറ്റിങ് നടത്തിക്കൊണ്ട് അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിങ്ങും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ പതിമൂന്നുകാരൻ അപൂർവ നേട്ടം കൈവരിച്ചത്. റോളർ സ്കേറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനൊപ്പം 3×3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം തന്നെ 15 വരികളിലായുള്ള സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യമായി പൂർത്തിയാക്കുകയുമായിരുന്നു. വെറും 36.38 സെക്കൻഡിനുള്ളിലാണ് സായൻ ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം പൂർത്തിയാക്കിയത്.
വളരെ അപൂർവ്വമായിട്ടാണ് ഇങ്ങിനെയൊരു നേട്ടംകൈവരിക്കാൻ കഴിയുക. എറണാകുളം ജില്ലയിൽ തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. ഇന്ദ്രജിത്താണ് പരിശീലകൻ കോവിഡ് കാലത്താണ് പരിശീലനം ആരംഭിച്ചത്. ഇന്ദ്രജിത്തിന്റെ തന്റെ ശിക്ഷണത്തിൽ സ്കേറ്റിങ്ങും, യുട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബ്, ബ്രെയിനോ ബ്രെയിൻ അബാക്കസ് എന്നിവയിലും പരിശീലനം നേടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെയുള്ള നേട്ടങ്ങൾക്ക് ശേഷമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം സായനെ തേടിയെത്തുന്നത്. ശ്രാവൺ, സാൻവി എന്നിവർ സഹോദരങ്ങളാണ്.

















