ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയി’മില്‍ ആന്റണി വര്‍ഗീസ് പെപ്പെയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ദുല്‍ഖര്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നത്. ഇടവേളയ്ക്കു ശേഷം ചെയ്ത മലയാള സിനിമ പ്രതീക്ഷകള്‍ നിറച്ചാണ് എത്തിയത്. ദുല്‍ഖറിനെ ഒരു അര്‍ബന്‍ മെട്രോപോളിറ്റന്‍ ഹീറോ ആയി സങ്കല്പിക്കാനേ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. ക്രിക്കറ്റ് വാതുവെപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഓണ്‍ലൈന്‍ ബെറ്റിങ്ങും അതിന്റെ പിന്നാമ്പുറങ്ങളും ചതികളുമൊക്കെ പ്രമേയമാകുന്ന ചിത്രത്തില്‍ പ്രൊമോഷന്‍ മെറ്റീരിയലുകളിലെങ്ങും കാണാത്ത ഫാന്റസി എലമെന്റ് കടന്നു വരുന്നുണ്ട്.
ഹൈദരാബാദിലെ അതി സമ്പന്നനായ ഡാന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. അലസനായ, അച്ഛന്റെ മുന്നില്‍ മിടുക്കനായി കാണിക്കാന്‍ ഏതുവിധേനയും പണമുണ്ടാക്കാന്‍ വാതുവയ്പ്പിനിറങ്ങി പുറപ്പെടുന്ന ഡാന് ഒരപകടം സംഭവിക്കുന്നു. അപകടത്തില്‍ നിന്ന് അതിജീവിക്കുന്ന ഡാന്‍ പക്ഷെ പിന്നീട് കടന്നുപോകുന്നത് സമാനതകളില്ലാത്ത സംഭവങ്ങളിലൂടെയാണ്. സിനിമയുടെ വൈകാരിക പശ്ചാത്തലത്തെ സ്‌ട്രോങ്ങാക്കി നിര്‍ത്തി ഫാന്റസി എലമെന്റുകളെ ചേര്‍ത്തൊരുക്കിയ മാജിക് ആണ് ഐ ആം ഗെയിം. അതുതന്നെയാണ് സാധാരണയൊരു കൊമേഷ്യല്‍ എന്റര്‍ടെയ്‌നറിനപ്പുറം ഐ ആം ഗെയിമിനെ കൊണ്ടുനിര്‍ത്തുന്നതും.

















