സത്യസന്ധമായ മാധ്യമ ധര്മ്മത്തിനേറ്റ മുറിപ്പാടായി ഗൗരി ലങ്കേഷ് രക്തസാക്ഷിയായിട്ട് ഒമ്പത് വര്‍ഷങ്ങള്‍. പിതാവ് പി. ലങ്കേഷ് ആരംഭിച്ച കന്നഡ വാരികയായ ലങ്കേഷ് പത്രികയിൽ എഡിറ്ററായി ജോലി ചെയ്ത പ്രവീണ്യം ലഭിച്ച ശേഷം പിതാവിന്റെ മരണശേഷം നിസ്വാര്‍ഥ പത്രപ്രവര്‍ത്തനത്തിലേക്ക് ചുവടുവെക്കുകയായിരുന്നു ഗൗരി. അഴിമതി, നിയമവിരുദ്ധ ഖനനം, ജാതി വിവേചനം, അവർണര്‍ക്ക് നേരെയുള്ള അക്രമം, തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്കെതിരായ നിലപാട് എന്നിവക്കെതിരെയാണ് ഗൗരി തൂലിക ചലിപ്പിച്ചത്. അതിനാല്‍ തന്നെ നിരവധി ശത്രുക്കളും ഗൗരിക്കുണ്ടായിരുന്നു.
സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചതിനാല്‍ സഹോദരന് പോലും ഗൗരിക്ക് എതിരായി നിന്ന കാലം ഉണ്ടായിരുന്നു. ബി.ജെ.പി നേതാക്കള്‍ക്ക് എതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും ലേഖങ്ങള്‍ എഴുതിയതിന്റെ പേരില്‍ നിരവധി തവണ കോടതി കയറിയിറങ്ങേണ്ടി വന്നു. ദക്ഷിണ കന്നഡ ജില്ലയിൽ അവർക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തിരുന്നു. സമൂഹം നക്സലിസ്റ്റ് അനുഭാവി എന്നു ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അത് സാധൂകരിക്കുന്ന മതിയായ തെളിവുകള്‍ ഇന്നും അജ്ഞാതമാണ്. തുറന്നുപറച്ചിലുകള്‍ അവരുടെ സൗഹൃദ ബന്ധങ്ങളില്‍ പോലും വിള്ളലുകള്‍ വീഴ്ത്തി.
ജാതിവ്യവസ്ഥയെ ഗൗരി പരസ്യമായി വിമർശിച്ചിരുന്നു. ഹിന്ദു ജാഗരണ വേദികെ ഗ്രൂപ്പിനെതിരെയുള്ള ഗൗരിയുടെ പരാമര്‍ശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗൗരിയുടെ വീടിനടുത്ത് ചിലരെ സംശയാസ്പദമായ രീതിയില്‍ കണ്ടിരുന്നുവെന്നും ഇതേക്കുറിച്ച് ഗൗരിയോട് പറഞ്ഞിരുന്നുവെന്നും സഹോദരിയും ചലച്ചിത്ര പ്രവർത്തകയുമായ കവിത ലങ്കേഷ് കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (കെ.സി.ഒ.സി.എ) പ്രത്യേക കോടതിയിൽ മൊഴി നൽകിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് വെടിയേറ്റ് രക്തത്തിൽ കുളിച്ച ഗൗരിയുടെ മൃതദേഹം ആദ്യം കണ്ടതും കവിതയായിരുന്നു ഹിന്ദുത്വത്തിനെതിരായ എഴുത്തുകൾക്കും പ്രസംഗങ്ങൾക്കും ഗൗരിയെ വലതുപക്ഷ, ജാതി സംഘടനകൾ ലക്ഷ്യം വച്ചിരുന്നുവെന്നും കവിത കോടതിയെ അറിയിച്ചിരുന്നു. സമൂഹം ഞെട്ടലോടെ കണ്ട കേസിന്റെ വിചാരണ ആരംഭിക്കാന്‍ നാലു വര്‍ഷത്തോളമെടുത്തു. പല പ്രതിസന്ധികള്‍ക്കിടയിലും കേസ് വിചാരണ മുന്നോട്ട് നീങ്ങി. ഒടുവില്‍ വിചാരണ നീണ്ടു പോകുന്നു എന്ന കാരണം പറഞ്ഞു പ്രതികളെ ഓരോരുത്തരെയും നിയമത്തിന്റെ നൂലിഴയില്കുടുങ്ങാതെ സ്വതന്ത്രമാക്കുമ്പോള്‍ സത്യവും ധര്‍മ്മവും നീതിയും മരിക്കുകയാണോ എന്ന് സമൂഹം ആശങ്കപ്പെടുകയാണ്.

















