തിരുമല തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസർ (Dy EO) മെന്ദു ലോകനാഥത്തിന്റെ സ്വത്തുക്കളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ വ്യാപക റെയ്ഡിൽ 5 കോടി രൂപയുടെ അവിഹിത സ്വത്ത് കണ്ടെത്തി. സംഭവത്തിൽ 1988ലെ അഴിമതി നിരോധന നിയമപ്രകാരം ലോകനാഥത്തിനെതിരെ കേസെടുത്തു.
നെയ്യ് മായം ചേർക്കൽ കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിന് പുറമെ പ്രത്യേക അന്വേഷണ സംഘവും മറ്റ് കേന്ദ്ര ഏജൻസികളും നൽകിയ വിവരങ്ങളും റെയ്ഡിലേക്ക് നയിച്ചു.
മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം മുൻ ചെയർമാൻ വൈ.വി. സുബ്ബറെഡ്ഡിയുടെ പിഎ കെ. ചിന്ന അപ്പണ്ണയ്‌ക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ റജിസ്റ്റർ ചെയ്ത അവിഹിത സ്വത്ത് സമ്പാദന കേസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിവരം.
ഡിഎസ്പി ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ മുതൽ തിരുപ്പതി, തിരുമല, ചെല്ലൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
ലോകനാഥത്തിന്റെ തിരുപ്പതിയിലെ പ്രധാന വീട്, തിരുമലയിലെ ഔദ്യോഗിക ഗസ്റ്റ് ഹൗസ്, സഹോദരിയുടെയും രണ്ട് അളിയന്മാരുടെയും വീടുകൾ എന്നിവടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്.
12.5 ലക്ഷം രൂപ, രണ്ട് കിലോഗ്രാം സ്വർണം, 1.42 കിലോഗ്രാം തൂക്കമുള്ള സ്വർണപാത്രം ഉൾപ്പെടുന്നു, 6.5 കിലോഗ്രാം വെള്ളി, ലോകനാഥത്തിന്റെ ഭാര്യയുടെ പേരിൽ തിരുപ്പതി പി.കെ ലേഔട്ടിലുള്ള വീട്, ഗൊല്ലവാനിഗുണ്ടയിലെ രണ്ട് പ്ലോട്ടുകളും
കെട്ടിടവും, 31.98 ലക്ഷം രൂപയുടെ സംയുക്ത ഭൂമി രേഖകൾ, മകന്റെ പേരിൽ തിരുപ്പതി അർബൻ ശ്രീനിവാസ നഗറിലുള്ള പ്ലോട്ട്, വടമാലപേട്ട മണ്ഡലിലെ പദിരേടു അരണ്യം ഗ്രാമത്തിലുള്ള പ്ലോട്ട്, നാല് ഫിക്സഡ് ഡിപ്പോസിറ്റ് രസീതുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

















