വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജോലി ഭാരം സ്വാഭാവികമായും കൂടും. പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക്. എല്ലാ മേഖലകളിലേയും ആള്‍ക്കാരുമായി സംവദിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ അറിയുക, പരാതികള്‍ പരിഹരിക്കുക തുടങ്ങി പിടിപ്പതു പണിയുണ്ട്. അതിന് വേണ്ടുന്ന സ്റ്റാഫുകള്‍ വേണമെന്നു തന്നെയാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്താണെന്ന് വ്യക്തമായി ഇന്ന് ഓരോ കേരളീയനും അറിയാം. സര്‍ക്കാരുകള്‍ തരാതം കള്ളം പറയുമെങ്കിലും ജനത്തിന്റെ നികുതിപ്പണം കൊണ്ട് പൊതു കടം തീര്‍ക്കാനല്ലാതെ വികസനത്തിനും വിനിമയത്തിനും ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നത് വാസ്തവമാണ്. പഴയ സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ധന വിനിയോഗവും നയവും കൊണ്ട് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജനത്തിനുള്ളത്.
എന്നാല്‍, സാമ്പത്തിക അച്ചടക്കവും ഭദ്രതയും കണക്കാക്കാതെ മാറിവരുന്ന സര്‍ക്കാരുകള്‍ അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വീണ്ടും മോശമാകും. നിലവില്‍ എന്താണ് സാമ്പത്തിക സ്ഥിതിയെന്ന് കൃത്യമായ ധവളപ്രം വി.ഡി. സതീശന്‍ നിയമസഭയില്‍ വെച്ചിരുന്നു. തനിക്കൊരു പുതിയ കാറു പോലും വാങ്ങേണ്ടതില്ല എന്നും, പോലീസ് സെക്യൂരിട്ടി കുറയ്ക്കാമെന്നും തീരുമാനിച്ചതു പോലും സാമ്പതച്തിക സ്ഥിതി കണക്കിലെടുത്താണ്. എന്നാല്‍, മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറയുന്നില്ല. ഇവര്‍ക്കെല്ലാം 50,000 രൂപയ്ക്കു മുകളിലാണ് ശമ്പളം. മുഖ്യമന്ത്രിക്കു തന്നെ 31 പേഴ്‌സണല്‍ സ്റ്റാഫാണുള്ളത്. അപ്പോള്‍ എത്രരൂപയായിരിക്കും ശമ്പള ഇനത്തില്‍ മാറുന്നത്.
പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുന്‍ സര്‍ക്കാരില്‍ നിന്നെല്ലാം വ്യത്യസ്തമാവുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശന്‍ സര്‍ക്കാര്‍ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്‌സണല്‍ സ്റ്റാഫുകളെയാണ്.
മന്ത്രിമാര്‍ക്കും ക്യാബിനറ്റ് റാങ്കുള്ളവര്‍ക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സര്‍ക്കാര്‍ നിയമിച്ചത്. 31 പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയില്‍ മുന്നിലുള്ളത്. മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങള്‍ അല്ലാതെ യാതൊരു ഭരണ ചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണുള്ളത്. കെ. മുരളീധരന്‍, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ക്ക് 27 വീതം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ കാലാവധി നാല് വര്‍ഷമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോഴും 2021-ലെ ഉത്തരവ് പ്രകാരം രണ്ടു വര്‍ഷവും ഒരു മാസവും സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതി തന്നെയാണ് തുടര്‍ന്നുപോകുന്നത്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും അനാവശ്യ രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും ശക്തമായി വിമര്‍ശിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, അധികാരത്തിലെത്തിയപ്പോള്‍ പഴയ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി വലിയ തോതിലുള്ള നിയമനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

















