India

സി.ജെ.പി സമരത്തില്‍ പങ്കെടുത്ത ദളിത് വിദ്യാര്‍ത്ഥിയുടെ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ആക്രമിച്ചത് താനെന്ന് വിളിച്ചു പറഞ്ഞ് സ്വതന്ത്ര ഭരദ്വാജ്; നടപടി വേണമെന്നാവശ്യപ്പെട്ട് സി.ജെ.പി മാര്‍ച്ച്

ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിച്ച് തലയോട്ടി തകര്‍ത്തെന്നും ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രതിഷേധം. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യമാണ്.

ദലിത് പെണ്‍കുട്ടിയുടെ പിതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. ബിജെപി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഈ ഗുണ്ടായിസം അംഗീകരിക്കാന്‍ കഴിയില്ല. ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അക്രമികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും സൗരവ് ദാസ് ആരോപിച്ചു.

‘കാഷ്വല്‍ ടോക്ക്സ്’ എന്ന യൂട്യൂബ് പോഡ്കാസ്റ്റിലാണ് സ്വതന്ത്ര ഭരദ്വാജ് എന്ന ഹിന്ദുത്വ പ്രവര്‍ത്തകന്‍ തങ്ങള്‍ ചെയ്ത ക്രൂരതകള്‍ വെളിപ്പെടുത്തിയത്. ജന്തര്‍ മന്തറിലെ സമരവുമായി ബന്ധപ്പെട്ട് നിഷു ആസാദ് എന്ന ദലിത് വിദ്യാര്‍ഥിനിയുടെ പിതാവ് സഞ്ജയ്യെയാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്. ‘നിഷുവിന്റെ അച്ഛന്റെ തല ഞാന്‍ അടിച്ചു പൊട്ടിച്ചു. വധശ്രമത്തിനാണ് കേസെടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ തലയില്‍ 60 തുന്നലുകള്‍ വേണ്ടിവന്നു. ആംബുലന്‍സില്‍ കിടന്ന് ആ മനുഷ്യന്‍ മരിക്കാറായിരുന്നു. തന്റെ പിതാവിന് നീതി ലഭിച്ചില്ലെങ്കില്‍ വിഷം കഴിച്ച് മരിക്കുമെന്ന് മകള്‍ സ്റ്റേഷന് മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞു. പക്ഷേ, അടുത്ത ദിവസം ഞാന്‍ പുറത്തിറങ്ങി. ജയിലില്‍ പോവുകപോലും ചെയ്തില്ല, രാത്രി മുഴുവന്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നു,’ പോഡ്കാസ്റ്റില്‍ ഇയാള്‍ പറഞ്ഞു.

 

Latest News