Kerala

ലൈഫ് പദ്ധതിയുടെ ലൈഫ് തകര്‍ത്ത വി.ഇ.ഒ: സാമ്പത്തിക തട്ടിപ്പിനു പിന്നാലെ അന്വേഷണ സംഘം

ലൈഫ് എന്നാല്‍, ജീവിതം എന്നാണര്‍ത്ഥം. അതു തന്നെയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വീടില്ലാത്തവര്‍ക്ക് വീടു നല്‍കുന്ന പദ്ധതിക്കായി തിരഞ്ഞെടുത്തതും. അതായത്, ജീവിതം നല്‍കുന്നു എന്ന് സാരം. എന്നാല്‍, ആ ലൈഫ് പദ്ധതിയെ വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും ലൈഫാക്കി മാറ്റിയ കുറേ കള്ളന്‍മാരും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഉണ്ടായി എന്നല്ലാതെ മനസ്സമാധാനത്തോടെ ലൈഫ് പദ്ധതിവഴി കിട്ടിയ വീട്ടില്‍ അന്തിയുറങ്ങുന്ന ഒരാളുടെ പോലും വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പരാതികളും പരിഭവങ്ങളും അടിച്ചുമാറ്റല്‍ കഥകളുമല്ലാതെ മറ്റൊന്നും കേള്‍ക്കാനുമില്ല. തൃശൂരും, തിരുവനന്തപുരത്തും പാലക്കാടും പത്തനംതിട്ടയിലുമെല്ലാം കേള്‍ക്കുന്നത് ലൈഫ് പദ്ധതി വഴിയുള്ള അഴിമതിയും സാമ്പത്തിക തട്ടിപ്പും മാത്രം.

പത്തനം തിട്ടയില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയത് ഒരു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. ഇവര്‍ ലൈഫ് പദ്ധതി വഴി വീടു കിട്ടിയവുടെ പണമാണ് അടിച്ചു മാറ്റിയത്. പാവപ്പെട്ടവരുടെ ഭവന സ്വപ്നങ്ങള്‍ തകര്‍ത്ത് ലൈഫ് ഫണ്ട് തട്ടിയെടുത്ത കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ) റാണി ലക്ഷ്മിക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് പദ്ധതിയില്‍ നിന്ന് 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഉദ്യോഗസ്ഥ നടത്തിയിരിക്കുന്നത്. എന്നാല്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് ഒറ്റയ്ക്ക് നടത്താനാകില്ലെന്ന നിഗമനത്തിലാണ് പോലീസ്.

തട്ടിച്ചെടുത്ത തുക സ്വന്തം അക്കൗണ്ടിന് പകരം ഭര്‍ത്താവ്, അമ്മ, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് റാണി ലക്ഷ്മി നിക്ഷേപിച്ചിരുന്നത്. പണം കൈപ്പറ്റിയ അക്കൗണ്ട് ഉടമകളെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മൂന്ന് പഞ്ചായത്തുകളിലായി തട്ടിപ്പിന്റെ മൊത്തം വ്യാപ്തി ഒരു കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ റിമാന്‍ഡിലുള്ള റാണിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ രാഷ്ട്രീയ പ്രമുഖരുടെ പങ്കും പുറത്തുവരുമെന്നാണ് സൂചന.

അതേസമയം, ഉദ്യോഗസ്ഥ തട്ടിപ്പ് പുറത്തുവന്നതോടെ സീതത്തോട് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി പൂര്‍ണ്ണമായും അവതാളത്തിലായി. അര്‍ഹരായ ഗുണഭോക്താക്കള്‍ ഗഡുക്കള്‍ ലഭിക്കാതെ ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍, വീട് നിര്‍മ്മാണം തുടങ്ങാത്തവര്‍ക്ക് പോലും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ലക്ഷങ്ങള്‍ അനുവദിച്ചതായി ആക്ഷേപമുണ്ട്. തുച്ഛമായ വീടുകള്‍ പൊളിച്ച് താല്‍ക്കാലിക ഷെഡ്ഡുകളിലും വാടകവീടുകളിലും കഴിയുന്ന പാവപ്പെട്ട കുടുംബങ്ങള്‍ ഇതോടെ വന്‍ കടക്കെണിയിലായിരിക്കുകയാണ്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സീതത്തോട് പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും, ഗവി നിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കിയതിലടക്കം നടന്നിട്ടുള്ള ബിനാമി ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സിനും വകുപ്പ് മന്ത്രിക്കും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.