Saudi Arabia

സൗദി നിവാസികൾക്ക് അഡോബ് പ്രീമിയം സേവനങ്ങൾ സൗജന്യം; ലീപ് ഉച്ചകോടിയിൽ വമ്പൻ പ്രഖ്യാപനം

റിയാദിൽ സമാപിച്ച ലീപ് അഞ്ചാം പതിപ്പിൽ 1,500 കോടി ഡോളറിന്റെ വമ്പൻ നിക്ഷേപങ്ങളും സുപ്രധാന ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഡിജിറ്റൽ സാമ്പത്തിക രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ആഗോള തലത്തിൽ മുൻനിര കേന്ദ്രമായി മാറാനുള്ള സൗദിയുടെ പദ്ധതികളുടെ ഭാഗമായാണ് ഈ വികസന കരാറുകൾ രൂപപ്പെട്ടത്.

ഇതിന്റെ ഭാഗമായി 530 കോടി ഡോളർ നിക്ഷേപത്തിൽ നിർമിക്കുന്ന ആദ്യ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ 2026 ഡിസംബറോടെ പ്രവർത്തനക്ഷമമാകും.

രാജ്യത്തെ ഡാറ്റാ സെന്ററുകൾ അത്യാധുനിക രീതിയിൽ വികസിപ്പിക്കുന്നതിനായി 120 കോടി ഡോളറിന്റെ മറ്റൊരു നിക്ഷേപ കരാറിലും ഉച്ചകോടിയുടെ അവസാന ദിനങ്ങളിൽ ഒപ്പുവെച്ചു.

ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പങ്കാളിത്തം അഡോബുമായി ചേർന്നുള്ള 400 കോടി ഡോളറിന്റെ പുതിയ കരാറാണ്. ഇതിലൂടെ സൗദിയിലെ 13 വയസ്സിന് മുകളിലുള്ള 2.7 കോടിയോളം സ്വദേശികൾക്കും പ്രവാസികൾക്കും ഒരു വർഷത്തേക്ക് അഡോബ് പ്രീമിയം സേവനങ്ങൾ പൂർണമായും സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുങ്ങും.

സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക എ.ഐ ഇമേജ് ജനറേഷൻ ടൂൾ വികസിപ്പിക്കാനും കരാറിൽ ധാരണയായിട്ടുണ്ട്. സാങ്കേതിക മുന്നേറ്റങ്ങൾക്ക് പുത്തൻ ദിശാബോധം നൽകിയ ലീപ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് 2027 ഏപ്രിൽ 12 മുതൽ 15 വരെ നടക്കും.