അന്തരിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കുടുംബ പെന്‍ഷന്റെ പകുതി തുക ആദ്യ ഭാര്യയ്ക്കും ജീവിച്ചിരുന്നപ്പോള്‍ ജീവനക്കാരന്‍ നോമിനി ആയി നാമനിര്‍ദ്ദേശം ചെയ്ത രണ്ടാമത്തെ ഭാര്യക്ക് ഗ്രാറ്റുവിറ്റിയും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കേന്ദ്ര സിവില്‍ സര്‍വീസ് പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം ഒരു ജീവനക്കാരന് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യ ഓഹരികളായി രണ്ട് ഭാര്യമാര്‍ക്കും നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് സെപ്റ്റംബര്‍ ഒന്നിലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആറാഴ്ചയ്ക്കകം കുടുംബ പെന്‍ഷന്റെ പകുതി തുക ആദ്യ ഭാര്യക്ക് നല്‍കാന്‍ അധികാരികളോട് കോടതി ഉത്തരവിട്ടു.
അതേസമയം, ജീവനക്കാരന്‍ തന്റെ ജീവിച്ചിരുന്ന കാലത്ത് ഗ്രാറ്റുവിറ്റിക്കായി രണ്ടാമത്തെ ഭാര്യയെയാണ് നോമിനിയായി നാമനിര്‍ദേശം ചെയ്തിരുന്നത്. അതിനാല്‍ നിയമപ്രകാരം ഗ്രാറ്റുവിറ്റി തുക രണ്ടാമത്തെ ഭാര്യക്ക് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, രണ്ട് സ്ത്രീകളുടെയും അനുകമ്പാ അര്‍ഹതയുള്ള നിയമനത്തിനുള്ള (Compassionate Appointment) അപേക്ഷകളും നിയമപ്രകാരം പരിഗണിച്ച് യോഗ്യയായ ആര്‍ക്കെങ്കിലും നിയമനം നല്‍കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് റിതബ്രതോ കുമാര്‍ മിത്രയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 2024ല്‍ സര്‍വീസില്‍ ഇരിക്കെയാണ് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് ജീവനക്കാരന്‍ അന്തരിച്ചത്.

















