വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി വ്യാജരേഖകൾ സമർപ്പിച്ച സംഭവത്തിൽ ജാർഖണ്ഡിൽ നാല് പേർ അറസ്റ്റിലായി. പാക്കൂർ ജില്ലയിലെ ബർഹർവ ബ്ലോക്കിലാണ് സംഭവം. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി പ്രതികൾ സമർപ്പിച്ച അപേക്ഷകളിലെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള രേഖകളിലെയും വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. താമസസ്ഥലം, ആധാർ ഉൾപ്പെടെയുള്ള വിവരങ്ങളിലാണ് പ്രധാനമായും വ്യത്യാസം കണ്ടെത്തിയത്.
തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക പരിശോധനയിലാണ് വ്യാജരേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള ശ്രമം കണ്ടെത്തിയത്. സംഭവത്തിൽ നാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജരേഖകൾ തയ്യാറാക്കാൻ സഹായിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. SIR നടപടികളുടെ ഭാഗമായി സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

















