സൗത്ത് വെസ്റ്റ് ഡൽഹിയിൽ മോത്തി ബാഗിന് സമീപം കെട്ടിടം തകർന്നുവീണ സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലാണ് കെട്ടിട ഉടമ. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സ്ഥലത്തെത്തി.ഇതുവരെ ഏകദേശം 15 ഓളം ആളുകളെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തെന്നാണ് റിപ്പോർട്ട്. ഒരു മരണമാണ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചു.
സമിതി അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നിയമനടപടി സ്വീകരിക്കും. സർക്കാർ ഉറക്കം ഉണരണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ വിമർശിച്ചു.സത്യനികേതനടുത്ത് വിദ്യാർഥികൾ താമസിച്ചിരുന്ന നാല് നില കെട്ടിടമാണ് തകർന്നു വീണത്. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ അടക്കം ഇരുപതോളം പേർ ബോയ്സ് ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ദുരന്തത്തിൽ മുഖ്യമന്ത്രി രേഖ ഗുപ്ത നടുക്കം രേഖപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഏകദേശം 40 വർഷത്തോളം പഴക്കമാണ് ഈ തകർന്നുവീണ കെട്ടിടത്തിനുള്ളത്.
Story Highlights : Accident in Delhi: Hostel building collapses, one dead; police register case against building owner

















