സിഎംആർഎൽ-എക്സാ ലോജിക് മാസപ്പടി വിവാദത്തിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രംഗത്തെത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് അദ്ദേഹത്തിന്റെ ഭാര്യയും എക്സാ ലോജിക് ഉടമയുമായ വീണാ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി കത്തയച്ചു.
പി.എം.എൽ.എ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്) വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി ഡി.ജി.പിക്ക് കത്ത് നൽകിയിരിക്കുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച നിർണായക തെളിവുകളും രേഖകളും ഉൾപ്പെടെയാണ് അന്വേഷണ ഏജൻസി പോലീസിന് കൈമാറിയിട്ടുള്ളത്.
കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സേവനങ്ങൾ നൽകാതെ വൻതുക കൈപ്പറ്റിയെന്ന ആരോപണങ്ങളും കനത്ത രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇ.ഡി നേരിട്ട് നൽകിയ ഈ കത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി എന്ത് തുടർനടപടി സ്വീകരിക്കുമെന്നത് കേരള രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി മാറും..

















