കേരളം ഇന്നും ഇരുട്ടത്തിരിക്കണം. ഇന്നലെയും അരമണിക്കൂര്‍ ഇരുട്ടിലായിരുന്നു. പക്ഷെ, പവര്‍കട്ട് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. പക്ഷെ, കട്ട് പല സമയങ്ങളിലും ഇടവിട്ടുണ്ടായത് വലിയ പ്രശ്‌നമുണ്ടാക്കി. നിലവില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായി നേരിടുന്ന സാഹചര്യം ആയതിനാല്‍ ജനങ്ങള്‍ സഹകരിക്കുകയാണ്. അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തിലെ ആവശ്യകതയില്‍ നിന്ന് 800 മുതല്‍ 900 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുമുണ്ട്.
മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതല്‍ 900 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും ഉണ്ടായാല്‍ 08.09.2026 (ചൊവ്വാഴ്ച) സംസ്ഥാനത്ത് വൈകുന്നേരം 6.30-നും 12.30-നും ഇടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.

















