ലീഡ് IAS അക്കാദമിയുമായി ചേര്‍ന്ന് 1,000 വിദ്യാര്‍ത്ഥികള്‍ക്കാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ UPSC സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലായിരുന്നു ഈ ചരിത്രപ്രഖ്യാപനം. സാധാരണക്കാരായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും സഞ്ജു സാംസണിന്റെ സ്വദേശമായ വിഴിഞ്ഞവും സമീപ തീരദേശ മേഖലകളുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും.
പരീക്ഷാ പരിശീലനത്തിന് പുറമേ, സമഗ്രമായ പഠന സംവിധാനമാണ് ലീഡ് IAS ഈ പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നത്. കേവലം മനഃപാഠമാക്കുന്ന രീതിക്ക് പകരം വിദ്യാര്‍ത്ഥികളില്‍ വിശകലന പാടവം വളര്‍ത്തുന്ന ‘സ്‌കില്‍-ബേസ്ഡ് ലേണിംഗ്’ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഓരോ വിദ്യാര്‍ത്ഥിയുടെയും പുരോഗതി കൃത്യമായി വിലയിരുത്തുന്ന വ്യക്തിഗത മെന്റര്‍ഷിപ്പ് , ഉത്തരങ്ങളെഴുതാനുള്ള പ്രത്യേക പരിശീലനം, വ്യക്തിത്വ വികസനം, ആശയവിനിമയശേഷി, ക്രിട്ടിക്കല്‍ തിങ്കിംഗ്, ലീഡര്‍ഷിപ്പ് സ്‌കില്‍സ് എന്നിവയ്ക്കും ഈ പരിശീലനത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ട്.
കൂടാതെ അഞ്ചാം ക്ലാസ് മുതല്‍ തന്നെ കുട്ടികളില്‍ അടിസ്ഥാന മികവുകള്‍ വളര്‍ത്തിയെടുക്കുന്ന ‘ലീഡ് IAS ജൂനിയര്‍’ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നു.
കഠിനാധ്വാനത്തിലൂടെയും സ്ഥിരതയിലൂടെയും ക്രിക്കറ്റ് ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത സഞ്ജു സാംസണും, സിവില്‍ സര്‍വീസ് പരിശീലന രംഗത്ത് മികവ് തെളിയിച്ച ലീഡ് IAS അക്കാദമിയും കൈകോര്‍ക്കുമ്പോള്‍ അത് ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കാണ് പ്രചോദനമാകുന്നത്. വെറുമൊരു കരിയര്‍ എന്നതിലുപരി രാജ്യത്തെ സേവിക്കാന്‍ സന്നദ്ധരായ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന പൊതുവായ ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. ശരിയായ സമയത്ത് ലഭിക്കുന്ന ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന തിരിച്ചറിവാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷനെ ലീഡ് IAS-നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്.
ക്രിക്കറ്റില്‍ രാജ്യത്തിനായി പൊരുതിയ സഞ്ജു സാംസണ്‍…
ഇനി രാജ്യത്തെ സേവിക്കാന്‍ ഒരുങ്ങുന്ന ആയിരം വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകുകയാണ്. സഞ്ജു സാംസണ്‍ ഫൗണ്ടേഷനും ലീഡ് IAS അക്കാദമിയും ചേര്‍ന്നുള്ള ഈ കൂട്ടായ്മ, ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് ഒരു പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്തുന്ന ചരിത്രപരമായ ചുവടുവെപ്പായി മാറുകയാണ്.

















