ഫോട്ടോകൾ ശേഖരിച്ച് പശ്ചാത്തല പരിശോധന നടത്തും; കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് കടിഞ്ഞാണിട്ട് പൊലീസ്
കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സുരക്ഷയും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിന് കർശന നടപടികളുമായി കൊച്ചി സിറ്റി പൊലീസ്. ബസ് ജീവനക്കാരുടെ ഫോട്ടോകൾ ശേഖരിച്ച് പശ്ചാത്തല പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. പരിശോധന പൂർത്തിയാക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും.
കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പശ്ചാത്തല പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പാട്ടത്തിന് എടുത്ത ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടക്കുക. ബസ് ജീവനക്കാർക്ക് ഇനി മുതൽ തിരിച്ചറിയൽ കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്നും കമ്മീഷണർ വ്യക്തമാക്കി.
നാല് ദിവസത്തിന് ശേഷം കൊച്ചിയിൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കും. ബസ് ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. സർവീസ് ആരംഭിക്കുന്നതിന് മുൻപ് ബസ് ടെർമിനലുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തും.
സമയക്രമത്തിന്റെ പേരിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
Story Highlights : police mandates clearance certificates and id cards for private bus