യു.എ.ഇയുടെ തൊഴിൽ മേഖല കൂടുതൽ സുരക്ഷിതവും സുതാര്യവുമാകുന്നുവെന്ന് വ്യക്തമാക്കി രാജ്യത്തെ തൊഴിൽ നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ്. മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം (MoHRE) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
സ്മാർട്ട് മോണിറ്ററിംഗ് സംവിധാനത്തിലൂടെ നടത്തിയ ശക്തമായ പരിശോധനകളാണ് ഈ നേട്ടത്തിന് പിന്നിൽ.
നിയമവിരുദ്ധമായി പെർമിറ്റില്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുക, വേതന സംരക്ഷണ സംവിധാനമായ ഡബ്ല്യുപിഎസ് വഴി ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുക, വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ ലംഘനങ്ങൾ.
എന്നാൽ, മന്ത്രാലയത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം ഇത്തരം ഗുരുതരമായ കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിൽ 49 ശതമാനത്തിന്റെ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 962 കേസുകൾ പ്രൊസിക്യൂഷന് പോയ സ്ഥാനത്ത് ഈ വർഷം അത് 490 ആയി ചുരുങ്ങി.
നിയമലംഘന സാധ്യതയുള്ള സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആദ്യ ആറുമാസത്തിനിടെ രണ്ടേകാൽ ലക്ഷത്തോളം തത്സമയ പരിശോധനകളാണ് സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം വഴി പൂർത്തിയാക്കിയത്.
യുഎഇയിലെ തൊഴിൽ അന്തരീക്ഷം കൂടുതൽ മത്സരക്ഷമവും തൊഴിലാളി സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

















