ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം. കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലാത്തത് കൊണ്ടാണ് പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചത്. ഹവാല ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ ഉളളതിനാല്‍ വ്യക്തത വന്നിട്ട് പ്രതികരിച്ചാല്‍ മതിയെന്നാണ് ധാരണ. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. 17ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് വീണ്ടും വിഷയം അവലോകനം ചെയ്യും. എന്നാല്‍ സിപിഐയുടെ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ഇ ഡി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഇഡിക്ക് അനുകൂലമായി ഒരു പ്രതികരണം നടത്തിയാല്‍ അത് കേന്ദ്ര നിലപാടിന് വിരുദ്ധമാകും.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് പുതിയ സംഭവ വികാസങ്ങളുണ്ടായപ്പോഴൊക്കെ തന്നെ രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്ന പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്. എന്നാല്‍, കേസ് പ്രതിപക്ഷ നേതാവിലേക്ക് വരുമ്പോഴെങ്കിലും സിപിഐ ശക്തമായ പിന്തുണയുമായി രംഗത്ത് വരുമെന്ന് സിപിഐഎം അടക്കം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. സിപിഐ നേതാക്കളാരും തല്‍ക്കാലം ഈ വിഷയത്തില്‍ പ്രതികരിക്കില്ല.
അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം കാത്തിരിക്കുകയാണ് സര്‍ക്കാര്‍. എജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നല്‍കും. സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാടുകള്‍ക്ക് പുറമെ ഹവാല ഇടപാടുകള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ റിപ്പോര്‍ട്ട്.
Story Highlights : CPI decides not to comment on the ED case for now