Kerala

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

മാസപ്പടി കേസിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യുന്നത് നീണ്ടുപോകും. അടുത്ത ആഴ്ചയോടെ മാത്രമേ കേസിൽ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുള്ളൂ.

ഈയാഴ്ച അവസാനത്തോടെ നിയമോപദേശം ലഭിക്കുന്നതിനെ തുടർന്ന് വിശദമായ കൂടിയാലോചനക്ക് ശേഷമാകും കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് തീരുമാനിക്കുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ആയതിനാൽ വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത.

കേസിൽ തെളിവായി വീണയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു. ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ വീണ റിയാസിന് അയച്ച സന്ദേശങ്ങളാണ് തെളിവായത് . സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചാറ്റുകളിൽ നിർണായക വിവരങ്ങളെന്ന് ഇഡി വ്യക്തമാക്കുന്നു.

കേസിൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ വൈകാതെ നിയമോപദേശം നൽകും.

ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമാണ് ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

അതേസമയം റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. റിയാസിനെതിരെ കൂടി ആരോപണം ശക്തമായതോടെ ഇഡിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഎം.