സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനങ്ങളെ വലച്ചു. പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമായില്ലെങ്കിലും വൈദ്യുതി മുടങ്ങുന്നത് മുൻകൂട്ടി ഉപഭോക്താക്കളെ എസ്.എം.എസ് (SMS) വഴി അറിയിക്കാൻ കെ.എസ്.ഇ.ബി സംവിധാനമൊരുക്കി.
ഉപഭോക്താവിന്‍റെ മൊബൈല്‍ നമ്പരിലേക്ക് വൈകീട്ടോടെ സന്ദേശമെത്തും. 600 മെഗാവാട്ടിന്‍റെ കുറവ് വരുന്ന സമയം ഏതൊക്കെ ഫീഡര്‍ ഓഫ് ചെയ്യണമെന്ന ക്രമം തയ്യാറാക്കി നിയന്ത്രണ സമയം സബ് സ്റ്റേഷനുകള്‍ സെക്ഷന്‍ ഓഫിസുകളെ അറിയിക്കും.
സെക്ഷന്‍ ഓഫിസുകളില്‍ നിന്നാണ് മൊബൈലിലേക്ക് സന്ദേശമെത്തുക. ഒരു ഫീഡര്‍ രണ്ട് പ്രാവശ്യം മാത്രം ഓഫാക്കും. 25 മിനിറ്റ് വീതം രണ്ട് തവണ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും.
ചൂട് കൂടുന്നതിനോടൊപ്പം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ഉത്പാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്.
ഈ മാസം പകുതിയോടെ താത്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുള്ളതെങ്കിലും പ്രതിസന്ധി ഈ മാസം മുഴുവനും നീണ്ടുനിൽക്കാനാണ് സാധ്യത.

















