Entertainment

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഒടിടിയില്‍: ഒരുപിടി സിനിമകളും എത്തി

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച വന്‍കിട സിനിമകളും ഏറെ കാത്തിരുന്ന പുതിയ റിലീസുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിയതോടെ ആഘോഷ ലഹരിയിലാണ് സിനിമാ പ്രേമികള്‍. സൂര്യയുടെ കോടികള്‍ കൊയ്ത ഫാമിലി എന്റര്‍ടെയ്‌നര്‍ മുതല്‍ വിശാലിന്റെ മാസ് ആക്ഷന്‍ ചിത്രം വരെയുള്ളവയാണ് ഈ വാരം ഒടിടിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തിയേറ്ററുകളില്‍ 240 കോടിയിലധികം രൂപ നേടിയ സൂര്യ ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവാണ് നായികയായി എത്തിയത്. പ്രണയവും കുടുംബബന്ധങ്ങളും നര്‍മ്മവുമെല്ലാം കോര്‍ത്തിണക്കിയ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത് പ്രൊജക്റ്റാണ്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

തെന്നിന്ത്യന്‍ നായകന്‍ വിശാല്‍ മൂന്ന് വ്യത്യസ്ത രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രം ‘മകുടം’ ആണ് ഒടിടി റിലീസിന് ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ന് രാത്രി 12 മണി മുതല്‍ ചിത്രം ലഭ്യമായിത്തുടങ്ങും. ചിത്രത്തില്‍ വൃദ്ധന്റെ വേഷത്തിലടക്കം വിശാല്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 99-ാമത് ചിത്രമാണിത്. ദുഷാര വിജയന്‍, അഞ്ജലി എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആക്ഷനും ത്രില്ലും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് പ്രൈം വീഡിയോയിലൂടെ ചിത്രം കാണാം

ആക്ഷന്‍, ഡ്രാമ, ഫാമിലി എന്റര്‍ടെയ്‌നറുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുമായി എത്തുന്ന ഈ ചിത്രങ്ങള്‍ വാരാന്ത്യങ്ങളില്‍ സിനിമാസ്വാദകര്‍ക്ക് മികച്ചൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക. ഷാജി കൈലാസ് സംവിധാനം ചെയ്ത ജോജു ജോര്‍ജ് നായകനായി അഭിനയിച്ച വരവ് എന്ന ചിത്രം ഒടിടിയില്‍ എത്തി. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് ആദ്യമായാണ് നായകനാവുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയത്.