എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ നീക്കങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ പരസ്യ പിന്തുണ നൽകേണ്ടതില്ലെന്ന് സി.പി.ഐ. വിഷയത്തിൽ സി.പി.എം കാര്യങ്ങൾ ഔദ്യോഗികമായി ബോധ്യപ്പെടുത്തിയാൽ മാത്രം പിന്തുണയ്ക്കുന്ന കാര്യം ആലോചിച്ചാൽ മതിയെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
പിണറായി വിജയനെ അതിശക്തമായി പിന്തുണച്ച് സി.പി.എമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയെങ്കിലും ‘മൗനം’ പാലിക്കാനാണ് സി.പി.ഐ തീരുമാനിച്ചത്. ഇതോടെ വിഷയത്തിൽ എൽ.ഡി.എഫിന്റെ പൊതുപിന്തുണ പിണറായിക്ക് ലഭിക്കില്ലെന്ന് ഉറപ്പായി.
കേസിൽ സർക്കാരിന്റെ ഔദ്യോഗിക തീരുമാനം കൂടി വന്ന ശേഷം ചർച്ച ചെയ്ത്, ആവശ്യമെങ്കിൽ മാത്രം പാർട്ടി നിലപാട് വ്യക്തമാക്കാനാണ് സി.പി.ഐ സെക്രട്ടേറിയറ്റ് ധാരണയിലെത്തിയത്.
ഇ.ഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയ തലത്തിൽ സിപിഐ എതിർക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എന്തു വേണമെന്ന ചർച്ചയാണ് സെക്രട്ടേറിയറ്റിലുണ്ടായത്. എന്നാൽ പിണറായിയുടെ മകൾ ടി.വീണയുൾപ്പെട്ട ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച് യോഗത്തിൽ സന്ദേഹങ്ങളുണ്ടായി.
വീണയുടെ കേസ് വീണ തന്നെ നടത്തട്ടെ എന്ന നിലപാടാണ് സിപിഐ എടുത്തുവരുന്നത്. പുതിയ ഇ.ഡി നീക്കം നേരിട്ട് പിണറായിയിലേക്കാണെന്നു ബോധ്യപ്പെട്ടെങ്കിലും തിരക്കിട്ട് അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിക്കാവുന്ന സാഹചര്യമില്ലെന്ന അഭിപ്രായത്തിനാണ് മേൽക്കൈ കിട്ടിയത്.
നേരത്തേ ലാവ്‌ലിൻ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സിപിഎം തീരുമാനിച്ചപ്പോൾ ‘നിയമപരമായി’ നേരിടണമെന്ന അഭിപ്രായമാണ് സിപിഐക്കെന്ന് സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പൻ നിലപാടെടുത്തത് ചൂണ്ടിക്കാട്ടപ്പെട്ടു.
പക്ഷേ രാഷ്ട്രീയാവശ്യത്തിനായി ബിജെപി ഉപയോഗിക്കുന്ന ഏജൻസിയാണ് ഇ.ഡി എന്നു പാർട്ടി വിലയിരുത്തുന്നതിനാൽ അന്നത്തെ സമീപനം ഇവിടെ പ്രായോഗികമല്ലെന്നും വിലയിരുത്തി.
അപ്പോഴും, പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ടെന്നാണ് യോഗം നിശ്ചയിച്ചത്. ഈ വിഷയം ഒരു ഘട്ടത്തിലും പാർട്ടിയെ ബോധ്യപ്പെടുത്താൻ സിപിഎം ശ്രമിച്ചിട്ടില്ലെന്ന വിമർശനമുണ്ടായി. ആ ഉത്തരവാദിത്തം അവർ നിർവഹിക്കുമ്പോൾ സഖ്യകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവഹിച്ചാൽ മതിയല്ലോ എന്ന ധാരണയാണ് ഉണ്ടായത്.

















