Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളില്‍ ചെന്നാണെന്ന് പ്രാഥമിക നിഗമനം. അടിമാലി ഒഴുകിത്തടത്ത് അഫ്‌സല്‍- സാന്ദ്ര ദമ്പതികളുടെ മക്കളായ, ഒരു വയസുള്ള ഇരട്ടക്കുട്ടികളായ ഇഹാനും റിഹാനുമാണ് മരിച്ചത്. ഇരുവരുടെയും മരണം ചിതലിനടിക്കുന്ന കീടനാശിനി ഉള്ളില്‍ ചെന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് സംഭവം. പവര്‍ കട്ടിന്റെ സമയത്ത് കുട്ടികളില്‍ നിന്ന് പെയിന്റിന് ഉപയോഗിക്കുന്ന തിന്നറിന്റെ ഗന്ധം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ സാന്ദ്ര ഭര്‍ത്താവ് അഫ്‌സലിനെ അറിയിക്കുകയായിരുന്നു. ഉടന്‍ അയല്‍വാസിയുടെ വാഹനത്തില്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം വീട്ടിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പഴക്കം ചെന്ന കീടനാശിനിയുടെ കുപ്പി വീടിനുള്ളില്‍ നിന്നും കണ്ടെടുത്തു. കുപ്പിയുടെ ചില ഭാഗങ്ങള്‍ ദ്രവിച്ച് കീടനാശിനി വീടിന്റെ തറയില്‍ പടര്‍ന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. ശാസ്ത്രീയ പരിശോധന ഫലം ഉള്‍പ്പെടെ പുറത്തുവന്നാലെ മരണത്തിലെ ദുരൂഹത നീങ്ങുവെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ചിതലിനെ തുരത്താന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം മറിഞ്ഞ് വീണുവെന്നും ഇത് കുട്ടികള്‍ വായില്‍ വെച്ചെന്നുമാണ് മൊഴി. പോസ്റ്റ്‌മോര്‍ട്ടം പരിശോധന ഫലവും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ടും വരുന്നതുവരെ മാതാപിതാക്കളുടെ മൊഴി വിശ്വാസത്തില്‍ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അടിമാലി സ്വദേശിയായ അഫ്‌സലും ഭാര്യ സാന്ദ്രയും രണ്ടുമാസം മുമ്പാണ് ഒഴുകത്തടത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്.