ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ പരാതി നൽകിയ പ്രമുഖ സ്പോർട്സ് ജേർണിലിസ്റ്റിനെ ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കുകയും ജോലിയിൽ നിന്ന് മനഃപൂർവ്വം മാറ്റി നിർത്തുന്നതായും ആരോപണം. സുജയാ പാർവതിക്ക് എതിരെയും മാനേജമെന്റിന് എതിരെയും പരാതി നൽകുന്ന മൂന്നാമത്തെ ആളാണ് ഈ സ്പോർട്സ് ജേർണലിസ്റ്റ്.
അതേസമയം എപ്പോൾ വേണമെങ്കിലും മുങ്ങാമെന്ന അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കപ്പൽ പോലെയാണ് മലയാളം വാർത്താ ചാനലായ ബിഗ് ടി.വി. ഇത് ഒരതിശയോക്തിയോ, വസ്തുതകൾക്കു നിരക്കാത്തതോ അല്ല. തെളിവുകൾ സംസാരിക്കുന്നതാണ്. ‘ബിഗ് ഫാമിലി ടീം’ എന്ന ബിഗ് ടി.വിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ, ചാനൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അയിരൂർ തന്നെ എഴുതിയിരിക്കുകയാണ്. ഇനി അധിക ദൂരം ഈ ചാനൽ ഇപ്പോഴുള്ള എല്ലാ ആഘോഷങ്ങളുമായി മുന്നോട്ടു പോകില്ല എന്നാണ് അനിൽ അയിരൂരിന്റെ വാട്‌സാപ്പ് ചാറ്റിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. ഹൈദ്രാബാദിലെ ചാനലിന്റെ സ്റ്റുഡിയോയും മറ്റു സംവിധാനങ്ങളും പൂട്ടിയതിനു ശേഷം ചാനലിന്റെ പ്രവർത്തനങ്ങൾ കൊച്ചിയിലേക്ക് പറിച്ചു നട്ടിരുന്നു.
അതിനു ശേഷം ചാനലിന്റെ പ്രവർത്തനങ്ങൾ ഇടിയാൻ തുടങ്ങി. സാമ്പത്തികമായ പ്രതിസന്ധി തന്നെയാണ് കാരണമെന്ന് അവിടെയുള്ളവർ തന്നെ കാണിച്ചു തന്നു. കാറിൽ പോയിരുന്നവർ ഓട്ടോയിലേക്കും ഊബറിലേക്കും യാത്രകൾ മാറ്റി. ക്യാമറാമാൻമാർ മറ്റു സ്ഥാപനങ്ങളിലേക്കു ചാടിത്തുടങ്ങി. വാർത്തകൾ ശേഖരിക്കാൻ പോലും വാഹനങ്ങൾ ഇറക്കാനാവാതെയായി. അതായത് പെട്രോളും ഡീസലും അടിക്കാൻ പോലും പണമില്ലാത്ത സ്ഥിതിയെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതിനിടയിലാണ് അനിൽ അയിരൂരിന്റെ ഈ വലയി വെളിപ്പെടുത്തൽ കുടുംബത്തെയാകെ ഞെട്ടിച്ചത്. മാസ അവസാനം ശമ്പളം അക്കൗണ്ടുകളിൽ വന്നൊരു കാലമുണ്ടായിരുന്നുവെന്ന് ജീവനക്കാർക്ക് ഇനി ഓർമ്മിക്കാനേ കഴിയൂ. അതിന്റെ സൂചനയെന്നോണമാണ് അനിൽ അയിരൂർ ബിഗ് ടി.വി കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടിരിക്കുന്നത്

















