സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം പറഞ്ഞു. ആരുടെയും അഭിപ്രായ പ്രകാരമോ ഇഷ്ടമനുസരിച്ചോ അല്ല പണ്ഡിതന്മാര്‍ മതകാര്യങ്ങള്‍ പറയുന്നത്. സമസ്ത പണ്ഡിതന്മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ കാര്യം തിരുത്തിപ്പറയേണ്ടി വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.
മരിക്കുന്നതുവരെ ജമാഅത്തിനു വേണ്ടി പറയാനും പറഞ്ഞാല്‍ അതുകേട്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കിത്തരുമാറാകട്ടെ. അത് മുടക്കിക്കളയാനോ തിരുത്തിപ്പറയാനോ ഇവിടെ ഒരാള്‍ക്കും സാധ്യമല്ല. ഒരിക്കല്‍ പറഞ്ഞാല്‍ വ്യക്തികള്‍ക്കോ പാര്‍ട്ടികള്‍ക്കോ വേണ്ടി തിരുത്തിപ്പറയുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ വളരെയധികം ആലോചിച്ച്, ഗ്രന്ഥങ്ങള്‍ പരിശോധിച്ചാണ് ഒരു വിധി പറയുന്നത്. അത് മാറ്റിപ്പറയില്ല -കാന്തപുരം പറഞ്ഞു.
കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കവെ, സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വേദികള്‍ പങ്കിടുന്നതില്‍ നിന്ന് വിലക്കി സമസ്ത സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.