സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ ഉൾപ്പെടുന്ന ഉന്നതതല സംഘം ഇന്ന് ഉത്തരേന്ത്യയിലേക്ക് തിരിക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. നിലവില്‍ സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികളിലേക്കാണ് ബോര്‍ഡ് കടന്നിരിക്കുന്നത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
വൈദ്യുതി വാങ്ങാൻ സർക്കാർ നാഷണൽ തെർമൽ പവർ കോപ്പറേഷനെ (NTPC) സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പീക് സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കാനാണ് നീക്കം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങും.
മുഖ്യമന്ത്രി വി ഡി സതീശന്‍, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാൻസ് അഡിഷണൽ സെക്രട്ടറി, ടാക്സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം.

















