India

രാജസ്ഥാനില്‍ 10 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്

രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. വോട്ടെണ്ണലിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ തുടരും. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ച് ബൂത്തുകളിലും കോട്ട മുനിസിപ്പല്‍ കോര്‍പറേഷനിലെ മൂന്ന് ബൂത്തുകളിലും ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെയും സുകേത് മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്.

വോട്ടെണ്ണലിനിടെ ഇവിഎമ്മിലെ സാങ്കേതിക തകരാര്‍ കാരണം ചില വോട്ടുകള്‍ എണ്ണാന്‍ കഴിയാത്തതായാണ് പരാതികള്‍ ലഭിച്ചത്. തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, തകരാറുണ്ടായ മെഷീനുകളിലെ വോട്ടുകളുടെ എണ്ണം, മുന്നിലെ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് റീപോളിങ്ങിന് ഉത്തരവിട്ടത്.