Crime

വിവാഹേതര ബന്ധമുണ്ടെന്ന സംശയം; ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല മൃതദേഹത്തിൽ നിന്നും വേർപെട്ട നിലയിലായിരുന്നു.

പ്രതിയായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായിരുന്നു. തന്റെ കുടുംബവീട് വിറ്റ് ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികൾ. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അവർ ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് നിരന്തരം സംശയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. രാത്രി നഗ്മ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ്, പർവേസ് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

കൊലപാതകത്തിനു ശേഷം പർവേസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ആയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചുകിടന്ന മൃതശരീരമാണ് വീട്ടിൽ കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.