ഒമാനിലുടനീളം നടത്തിയ പരിശോധനകളിൽ വൻതോതിലുള്ള തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയം.
തൊഴിൽ ലൈസൻസില്ലാത്ത വിദേശ തൊഴിലാളികളെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്.
തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ11,172 തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം പറയുന്നു. തൊഴിൽ ലൈസൻസില്ലാത്ത വിദേശ തൊഴിലാളികളെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട് 4,859 കേസുകളാണ് കണ്ടെത്തിയത്.
സ്വദേശിവത്കരിച്ച തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിച്ച ആയിരത്തിലേറെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘകരിൽ നിന്നായി 3.2 ദശലക്ഷം ഒമാനി റിയാൽ പിഴ ഈടാക്കി.
അംഗീകൃത തൊഴിലുടമയുടെ ജോലി ഉപേക്ഷിച്ചതിൽ 1,952 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വദേശിവത്കരിച്ച തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിച്ച 1,117 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കരാർ കാലാവധി അവസാനിച്ചതിന് ശേഷം 60 ദിവസത്തിനകം തൊഴിലാളിയെ നാട്ടിലേക്ക് തിരിച്ചയക്കാതിരിക്കുകയോ സേവനം കൈമാറാതിരിക്കുകയോ ചെയ്തതുമായി ബന്ധപ്പെട്ട് 962 കേസുകൾ കണ്ടെത്തി.
















