വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2013ൽ തൃശൂർ വിജിലൻസ് കോടതിയിലാണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റുകയായിരുന്നു.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി സമർപ്പിച്ച ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
തുടർന്നാണ് വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെ വിചാരണ പൂർത്തിയായത്. മാതാപിതാക്കൾ വഴി ലഭിച്ച കുടുംബസ്വത്താണിതെന്നും തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി കോടതി തള്ളിയിരുന്നു.
കേസിൽ പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.