മക്ക ഒരു പുണ്യസ്ഥലമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും മുസ്ലിംങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇടം. അവിടെ എന്തിനാണ് ഹൂതികള്‍ മിസൈല്‍ പായിക്കുന്നത്. സൗദി അറേബ്യയുടെ മാത്രമല്ല, ലോകത്തെ എല്ലാ മുസ്ലീംങ്ങള്‍ക്കും വികാരഭരിതമായ ഇടമാണത്. ഹൂതികളുടെ ഡ്രോണുകള്‍ വിശുദ്ധ നഗരത്തെ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കില്‍ അത്, മനുഷ്യരെ കൊല്ലാന്‍ വേണ്ടി മാത്രമാണ്. ലോകത്തെ വിവധ ഇടങ്ങളില്‍ നിന്നും ഹജ്ജിനെത്തുന്ന നല്ല മനുഷ്യരുടെ കൂട്ടക്കുരുതി മാത്രമാണ് ഉദ്ദേശം. എന്നാല്‍ അതിനെ ഫലപ്രദമായി നശിപ്പിച്ചുവെന്നാണ് സൗദി അറേബ്യന്‍ സൈന്യം പറയുന്നത്. മക്ക ലക്ഷ്യമാക്കിയെത്തിയ ഹൂതികളുടെ ഡ്രോണ്‍ വിശുദ്ധനഗരത്തിന്റെ വ്യോമമേഖലയിലേക്കു കടക്കുംമുന്‍പേ വെടിവച്ചിട്ടെന്ന് സൗദി അറേബ്യ അറിയിച്ചു.
മക്കയെ ആക്രമിച്ചിട്ടില്ലെന്നും സൗദിയുടെ ആരോപണം പച്ചക്കള്ളമാണെന്നും ഹൂതികള്‍ പ്രതികരിച്ചു. ഇന്നലെ പലതവണ മക്ക, മദീന പള്ളികളിലും വിശുദ്ധനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിനിലും വ്യോമാക്രമണ മുന്നറിയിപ്പു നല്‍കി. മക്കയ്ക്കുനേരെയുള്ള ആക്രമണം എല്ലാ പരിധിയും ലംഘിച്ചെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും സൗദി പറഞ്ഞു. എന്നാല്‍, മക്ക ലക്ഷ്യമല്ലെന്നും സൗദിയുടെ എണ്ണപ്പാടങ്ങളും സൈനികകേന്ദ്രങ്ങളും മാത്രമാണു ലക്ഷ്യമിടുന്നതെന്നും ഹൂതികള്‍ പറഞ്ഞു. സൗദി എണ്ണക്കപ്പലുകള്‍ക്കു ചെങ്കടലില്‍ വിലക്ക് തുടരുമെന്നും വ്യക്തമാക്കി.
രാജ്യാന്തര വ്യാപാരപാതയായ ചെങ്കടലിന്റെ തന്ത്രപ്രധാനമായ തീരമേഖലയും ബാബുല്‍ മന്‍ദിബ് കടലിടുക്കും പിടിച്ചെടുത്തു മുന്നേറുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഒരാഴ്ചയായി സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ കനത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണമാണു നടത്തുന്നത്. സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ സേനയുടെ സൈനികവാഹനങ്ങള്‍ പിടിച്ചെടുത്തതിന്റെ വിഡിയോ ഹൂതികള്‍ പുറത്തുവിട്ടു. സൗദിയുടെ എഫ് 15 യുദ്ധവിമാനം വെടിവച്ചിട്ടതായും അവകാശപ്പെട്ടു. ഖമിസ് മുഷൈത്ത് വ്യോമതാവളവും ആക്രമിച്ചു. ചെങ്കടലില്‍ യാന്‍ബു തുറമുഖത്തെ അരാംകോ കേന്ദ്രത്തിലും ആക്രമണം ഉണ്ടായി. യെമനിലെ ഹൂതി താവളങ്ങളില്‍ സൗദിസേന ഇന്നലെ ബോംബിട്ടു. സ്ഥിതി മോശമായതോടെ സൗദിയിലെ അമേരിക്കന്‍ പൗരന്മാരോടു ജാഗ്രത പാലിക്കാനും യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. മക്കയെ ലക്ഷ്യമിട്ട ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചെങ്കടല്‍ കപ്പല്‍പാതയും സംഘര്‍ഷമേഖലയായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു.
















