വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻ പൊലീസ് കസ്റ്റഡിയിൽ. കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച കോട്ടയം ചോറ്റി അമ്പലത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിലാണ് കേസിനാസ്പദമായ സംഭവം. പനക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 400 പേർക്കുള്ള സദ്യ ബുക്ക് ചെയ്യുകയും ഇതിനായി ഏകദേശം 1,40,000 രൂപ മുൻകൂറായി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, രാവിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹ ചടങ്ങുകൾ പൂർത്തിയായെങ്കിലും ഓഡിറ്റോറിയത്തിൽ സദ്യ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ കരാറെടുത്ത വിഷ്ണു മോഹനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഉച്ച സമയമായിട്ടും ഭക്ഷണം ലഭിക്കാതായതോടെ വിവാഹത്തിനെത്തിയ അതിഥികൾ വലഞ്ഞു. ഒടുവിൽ സമീപത്തെ ഹോട്ടലിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് വീട്ടുകാർ നാണക്കേടിൽ നിന്ന് തലയൂരിയത്. തുടർന്ന് മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു.
















